Sat. Jan 18th, 2025

‘ദി കേരള സ്റ്റോറി’ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ആദിത്യനാഥ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സിനിമ കാണുന്നതിനായി പ്രത്യേക പ്രദര്‍ശനം നടത്തും. നികുതി ഇളവ് സ്വാഗതാര്‍ഹമെന്നും, യുപിയിലെ ജനങ്ങള്‍ ഈ സിനിമ കാണണമെന്നും, നമ്മുടെ സഹോദരിമാര്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ കണ്ടു വിലയിരുത്തണമെന്നും യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആവശ്യപ്പെട്ടു. നേരത്തെ മധ്യപ്രദേശ് സര്‍ക്കാരും കേരള സ്റ്റോറി സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. അതേസമയം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേരള സ്റ്റോറി സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ കഥ വളച്ചൊടിക്കപ്പെട്ടതാണെന്നും, സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. തമിഴ്‌നാട്ടിലും ചിത്രത്തിന്റെ പ്രദര്‍ശനം തിയേറ്റര്‍ ഉടമകള്‍ അവസാനിപ്പിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ തിയേറ്ററില്‍ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു നടപടി.ക്രമസമാധാനപ്രശ്നം പരിഗണിച്ച് പ്രദര്‍ശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്‌നാട് മള്‍ട്ടിപ്ലക്സ് അസോസിയേഷന്‍ അറിയിച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.