ബ്രിഗേഡിയര്‍ റാങ്കിന് മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോമെന്ന തീരുമാനവുമായി കരസേന. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ സര്‍വീസ് സംബന്ധിയായ കാര്യങ്ങളില്‍ ഐക്യ രൂപത്തിന് വേണ്ടിയാണ് പുതിയ തീരുമാനം. ഓഗസ്റ്റ് ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് കരസേന വിശദമാക്കുന്നു. ബ്രിഗേഡിയര്‍ മുതലുള്ള റാങ്കിന് മുകളില്‍ വരുന്ന മേജര്‍ ജനറല്‍, ലെഫ്. ജനറല്‍, ജനറല്‍ പദവികളില്‍ റെജിമെന്‍റ് വ്യത്യാസമില്ലാതെ തന്നെയാവും ഒറ്റ യൂണിഫോം നടപ്പിലാക്കുക. സേനയുടെ സ്വഭാവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് നീക്കത്തെ കരസേന നിരീക്ഷിക്കുന്നതെന്നാണ് വിവരം. ഏപ്രിലില്‍ നടന്ന സേനാ കമാന്‍ഡേഴ്സിന്‍റെ കോണ്‍ഫറന്‍സിലാണ് ഇത് സംബന്ധിയായ തീരുമാനം എടുത്തത്.തൊപ്പി, റാങ്ക് ബാഡ്ജ്, കോളറുകളിലെ പാച്ച്, ബല്‍റ്റ്. ഷൂസ് എന്നിവയിലടക്കം ഏകീകൃത രൂപം വരും. കേണല്‍ മുതല്‍ താഴേക്കുള്ള പദവികളിലുള്ളവരുടെ യൂണിഫോമില്‍ മാറ്റമുണ്ടാവില്ലെന്നും കരസേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു. മുതിര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് ഒരേ യൂണിഫോം നടപ്പിലാക്കുന്നത് കരസേനയുടെ ഐക്യം വര്‍ധിപ്പിക്കുമെന്നും സേനാ വൃത്തങ്ങള്‍ വിശദമാക്കുന്നു.