Sat. Jan 18th, 2025

ഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരെ രണ്ട് ഗുസ്തി താരങ്ങള്‍ നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് മൊഴി. ഗുസ്തി ഫെഡറേഷന്‍ ഓഫിസ്, പരിശീലനകേന്ദ്രം, തുടങ്ങിയ ഇടങ്ങളിലായി 8 തവണ ലൈംഗികാതിക്രമം ഉണ്ടായെന്നും മൊഴിയില്‍ പറയുന്നു. വിവിധ ടൂര്‍ണമെന്റുകള്‍ നടന്നയിടങ്ങളിലും അതിക്രമം നേരിട്ടതായും താരങ്ങളുടെ മൊഴിയിലുണ്ട്. ബ്രിജ് ഭൂഷനെതിരായി ഏഴ് ഗുസ്തി താരങ്ങളാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. ഇത്തരത്തില്‍ കേസിനെ ബലപ്പെടുത്തുന്ന തരത്തിലുള്ള മൊഴി നല്‍കിയിട്ടും ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യാന്‍ നടപടിയായിട്ടില്ല. അതുമാത്രമല്ല മജിസ്‌ട്രേറ്റിന് മുന്നിലും താരങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്താത്തത് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ താരങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, മജിസ്‌ട്രേറ്റിന്റെ സമയം തേടിയിട്ടുണ്ടെന്ന് മാത്രമായിരുന്നു കോടതിയില്‍ പൊലീസ് നല്‍കിയ മറുപടി. ഗുസ്തി താരങ്ങളുടെ പ്രതിഷേധം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം