തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ നാളെയും, ഇടുക്കി, എറണാകുളം ജില്ലകളില്‍ മറ്റന്നാളുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറും. തിങ്കളാഴ്ചയോടെ തീവ്രമാകുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങുമെന്നാണ് വിലയിരുത്തല്‍. മെയ് 7 നു ന്യുന മര്‍ദ്ദമായും മെയ് 8 ഓടെ തീവ്ര ന്യുന മര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യത. അതിനുശേഷം വടക്ക് ദിശയിലേക്ക് മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേസാഹചര്യത്തിലാണ് കേരളത്തില്‍ മറ്റന്നാളോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.