Mon. Mar 4th, 2024

യുദ്ധവും വരൾച്ചയും ഒരു ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കവരാൻ കാരണമായെന്നും ദുരിതാശ്വാസ പ്രവർത്തകർ പറയുന്നു. യുഎന്നിൻ്റെ ഓഫീസ് ഫോർ കോഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫേഴ്സിൻ്റെ കണക്കുപ്രകാരം എത്യോപ്യയിലെ 20 മില്ല്യൺ ജനങ്ങൾക്ക്ആഹാരം ലഭിക്കുന്നില്ല

ക്ഷാമം വരിഞ്ഞുമുറുകിയ എത്യോപ്യയിലെ ടിഗ്രേ,അംഹാര മേഖലകളിൽ 400 ഓളം പേർ പട്ടിണി മൂലം മരിച്ചതായി സർക്കാർ സ്ഥിരീകരണം. സർക്കാർ അയച്ച പ്രതിനിധിസംഘം നടത്തിയ അന്വേഷണത്തിലാണ് ടിഗ്രേയിൽ 351 പേരും അംഹാരയിൽ 44 പേരും മരിച്ചതായി കണ്ടെത്തിയത്. 

രാജ്യത്തെ ക്ഷാമത്തെക്കുറിച്ചും അതുമൂലമുണ്ടാകുന്ന മരണങ്ങളെക്കുറിച്ചും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നിട്ടും അതിനെയെല്ലാം നിഷേധിക്കുന്ന രീതിയിലുള്ള പ്രസ്താവനകളാണ് എത്യോപ്യയിലെ ഫെഡറൽ സർക്കാർ സ്വീകരിച്ചിരുന്നത്. 

രണ്ട് മേഖലകളിലായി ദശലക്ഷക്കണക്കിന് ജനങ്ങളെ ക്ഷാമം ബാധിച്ചിട്ടുണ്ടെന്നും പതിനായിരക്കണക്കിനാളുകൾ ഇതിനകം തന്നെ പാലായനം ചെയ്തിട്ടുണ്ടെന്നും വിദഗ്ധ സംഘം നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു.  

ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന കുട്ടികൾ Screen-grab, Copyrights: Martin Plaut

ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും (ടിപിഎൽഎഫ്) എത്യോപ്യൻ സർക്കാർ സേനയും തമ്മിലുള്ള ടിഗ്രേ യുദ്ധത്തിന് ശേഷം എത്യോപ്യയിലെ പല ഭാഗങ്ങളിലും പട്ടിണി രൂക്ഷമായി തുടരുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ബിബിസിയുടെ ‘എത്യോപ്യ സ്റ്റാർവേഷൻ, ഫിയർ ഓഫ് ഫാമിൻ ഇൻ ടിഗ്രേ ഗ്രോസ്’ എന്ന റിപ്പോർട്ടിലാണ് എത്യോപ്യയിലെ ജനങ്ങൾ നേരിടുന്ന കടുത്ത ദാരിദ്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. 

അടുത്തിടെയുണ്ടായ ആഭ്യന്തര യുദ്ധത്തിൻ്റെ പ്രത്യാഘാതങ്ങളിൽ നിന്നും കരകയറാൻ കഷ്ടപ്പെടുന്ന ഗ്രാമവാസികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കുന്ന രീതിയിലാണ് വടക്കൻ  ടിഗ്രേയുടെ നിലവിലെ സ്ഥിതിയെന്നും നൂറുകണക്കിന് കുട്ടികൾ പട്ടിണി മൂലം എത്യോപ്യയിൽ മരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭയാനകരമായ കാര്യമെന്തെന്നാൽ വർഷത്തിൽ ഏറ്റവും കൂടുതൽ ഭക്ഷണം ലഭിക്കേണ്ട സമയത്താണ് ഇപ്പോൾ ക്ഷാമം ഉണ്ടായിരിക്കുന്നത് എന്നതാണ്. ടിഗ്രേയിലും അയൽപ്രദേശമായ അംഹാരയിലും വിളവെടുപ്പ് നടക്കുന്നത് നവംബറിലാണ്. വർഷാരംഭത്തിൽ തന്നെ എത്യോപ്യയിലെ ജനങ്ങൾ പട്ടിണിയിലാണെന്നത് വ്യക്തമാക്കുന്നതാണിത്. 

എന്നാൽ നിലവിലെ ക്ഷാമം രൂക്ഷമല്ലെന്നും ജനങ്ങൾക്ക് സഹായമെത്തിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഫെഡറൽ സർക്കാർ പറഞ്ഞത്. 1984ലെ എത്യോപ്യയിലെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ വടക്കൻ ടിഗ്രേയിലുള്ളവർ  കടുത്ത ക്ഷാമത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ദുരിതാശ്വാസ പ്രവർത്തകർ അഭിപ്രായപ്പെടുന്നു.

യുദ്ധവും വരൾച്ചയും ഒരു ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കവരാൻ കാരണമായെന്നും ദുരിതാശ്വാസ പ്രവർത്തകർ പറയുന്നു. യുഎന്നിൻ്റെ ഓഫീസ് ഫോർ കോഡിനേഷൻ ഓഫ് ഹ്യുമാനിറ്റേറിയൻ അഫേഴ്സിൻ്റെ കണക്കുപ്രകാരം എത്യോപ്യയിലെ 20 മില്ല്യൺ ജനങ്ങൾക്ക് ആഹാരം ലഭിക്കുന്നില്ല. 

ടിഗ്രേയിലെ മുഴുവൻ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ജനങ്ങൾക്ക് വർഷം മുഴുവൻ സഹായം ആവശ്യമാണെന്നാണ്  ടിഗ്രേയിലെ അധികൃതർ ആവശ്യപ്പെടുന്നത്. ടിഗ്രേയിൽ മൂന്നിൽ രണ്ട് ഭാഗവും  കർഷകരാണ്.

മൂന്നിൽ ഒരു ഭാഗം വരുന്നവർ യുദ്ധം കാരണം കുടിയിറക്കപ്പെട്ടവരാണ്. രാജ്യത്തെ 1.7 മില്ല്യൺ ജനങ്ങൾക്ക് ഈ വർഷം സഹായം ആവശ്യമായി വരുമെന്ന് അധികൃതർ പറയുന്നു.

ടിഗ്രേയിലെ കർഷകർക്ക് അവരുടേതായ ചെറിയ കൃഷിനിലങ്ങളുണ്ട്. ടിഗ്രേയിലെ യുവാക്കളിൽ ചിലർ നഗരങ്ങളിലും ജോലിക്കു പോകുന്നു. മറ്റു ചിലർ ഫാമുകളിലും മറ്റും ജോലി ചെയ്താണ് അവരുടെ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്.

എത്യോപ്യൻ സർക്കാരും സഖ്യകക്ഷികളും തമ്മിലുള്ള യുദ്ധവും ടിഗ്രേയൻ സേനയുമായുള്ള യുദ്ധവും എത്യോപ്യൻ ഫെഡറൽ സർക്കാരിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയുമിടയിൽ പ്രശ്നങ്ങളുണ്ടാകാൻ കാരണമായി. രണ്ട് വർഷം നീണ്ടു നിന്ന ടിഗ്രേ യുദ്ധം എത്യോപ്യയുടെ  നാശത്തിലാണ് അവസാനിച്ചത്. 

ടിഗ്രേ ഡിഫൻസ് ഫോഴ്‌സിലെ വനിതാ സൈനികർ മെക്കെലിലേക്കുള്ള തിരിച്ചുവരവ് ആഘോൽിക്കുന്നു Screen-grab, Copyrights: Digital Journal

പട്ടാളക്കാർ കൃഷിയിടങ്ങൾ തീയിട്ട് നശിപ്പിക്കുകയും ഭക്ഷണസാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. കന്നുകാലികളെ കശാപ്പു ചെയ്തു. 14 മില്ല്യൺ ജനങ്ങൾക്ക് പലായനം ചെയ്യേണ്ടി വന്നു.

യുദ്ധത്തിനു ശേഷം എത്യോപ്യയുടെ സമ്പദ് വ്യവസ്ഥ തകർന്നു. ഫാക്ടറികൾ കൊള്ളയടിക്കപ്പെട്ടു. രാജ്യത്തെ ടൂറിസം പേരിനുപോലും ഇല്ലാതെയായി. കർഷകർക്ക് തങ്ങളുടെ കൃഷിഭൂമികൾ നഷ്ടപ്പെട്ടു. കൃഷി ചെയ്യാൻ വായ്പ ലഭിക്കാതെയായി.

ഏകദേശം 90,000 പേർക്ക് പെൻഷൻ തുകയും ലഭിക്കാതെ വന്നു. 2022ൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചുവെങ്കിലും സ്ഥിതിഗതികൾ മാറിയില്ല. ടിഗ്രേയിൽ ഇപ്പോഴും ഒന്നും പുനസ്ഥാപിച്ചിട്ടില്ലെന്ന്  റിപ്പോർട്ടിൽ പറയുന്നു. 

ആവശ്യമായ മഴ ലഭിക്കാത്തതാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രശ്നം. പ്രതീക്ഷിച്ചതിലും മൂന്നിലൊന്ന് കുറവാണ് മഴ ലഭിച്ചത്. തെക്കൻ എത്യോപ്യയിലുണ്ടാകുന്ന ആവർത്തിച്ചുള്ള വരൾച്ച പാസ്റ്ററലിസ്റ്റ് സമൂഹങ്ങളെ ദാരിദ്ര്യത്തിലെത്തിച്ചു.

ഇതിൻ്റെ തീവ്രതയെക്കുറിച്ച് യുഎന്നിൻ്റെ വേൾഡ് ഫുഡ് പ്രോഗ്രാം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ കുട്ടികൾ പട്ടിണി മൂലവും രോഗങ്ങൾ മൂലവും മരണപ്പെടുമെന്നാണ് കണക്കുകൂട്ടൽ.

ഭക്ഷ്യ വിതരണ സഹായം പുനരാരംഭിച്ചാൽ എത്യോപ്യയിലെ ജനങ്ങളുടെ  പോഷകാഹാര കുറവിനെ ഇല്ലാതാക്കാൻ കഴിയും. എന്നാൽ ഭക്ഷ്യ അരക്ഷിതാവസ്ഥയെ മറികടക്കുന്ന രീതിയിലുള്ള ഭക്ഷ്യ വിതരണം ഇതുവരെയും ടിഗ്രേയിൽ നടന്നിട്ടില്ല.

കഴിഞ്ഞ വർഷത്തെ ഭക്ഷ്യ വിതരണത്തിൽ വലിയ രീതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജനങ്ങൾക്ക് ഭക്ഷണമെത്തിക്കേണ്ട എയ്ഡ് ട്രക്കുകൾ ധാന്യമില്ലുകളിലേക്ക് എത്തിക്കുകയും മാർക്കറ്റുകളിൽ അവ വിൽക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.

യുദ്ധസമയത്ത് എത്യോപ്യൻ പട്ടാളക്കാർ ജനങ്ങൾക്ക് ലഭിക്കേണ്ട ഭക്ഷണം ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നു. എറിട്രിയൻ സൈനികരുടെ ക്യാമ്പുകളിൽ നിന്നും യുണിസെഫ് കുട്ടികൾക്കായി എത്തിച്ച ബാഗുകൾ കണ്ടെത്തിയത് ഇതിനുദാഹരണമാണ്. 

ബാധിക്കപ്പെട്ടവർക്ക് ലഭിക്കേണ്ട ഭക്ഷണം ഉദ്യോഗസ്ഥർ മോഷ്ടിക്കുന്നത് രാജ്യവ്യാപകമായി നടന്നിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനങ്ങളിലേക്ക് സഹായം എത്താതെവന്നതോടെ രാജ്യത്തേക്കുള്ള ഭക്ഷ്യ വിതരണം യുഎസ് എയ്ഡും ഡബ്ലുഎഫ്പിയും നിർത്തലാക്കി.

നവംബറിലെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ ചെറിയ രീതിയിലുള്ള സഹായങ്ങൾ നടത്തിയെങ്കിലും അതൊന്നും പട്ടിണി ഇല്ലാതാക്കാൻ പര്യാപ്തമായിരുന്നില്ല. എത്യോപ്യയിൽ ക്ഷാമമുണ്ടാകില്ലായെന്ന സർക്കാരിൻ്റെ ശാഠ്യമാണ് നിലവിലെ സ്ഥിതിക്ക് കാരണം. 

എത്യോപ്യ സ്വയം പര്യപ്തമായ രാജ്യമാണെന്നും ഞങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞിരുന്നു. എത്യോപ്യയിലേക്കുള്ള സഹായങ്ങൾ നിർത്തലാക്കിയ അബി അഹമ്മദ് 10 ബില്ല്യൺ ഡോളർ ചെലവഴിച്ച് കൊട്ടാരം നിർമ്മിക്കുന്നതും സൈന്യത്തിനായി 1 ബില്ല്യൺ ഡോളർ ചെലവഴിക്കുന്നതും മറ്റൊരു വശം. 

തങ്ങളുടെ അവസ്ഥ ഉടൻ മെച്ചപ്പെടുമെന്നാണ് എത്യോപ്യയിലെ ജനങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത്. അതേസമയം ജനങ്ങളുടെ ജീവൻ രക്ഷിക്കണമെങ്കിൽ സമയം വളരെ പ്രധാനമാണെന്നാണ് യുഎൻ എമർജൻസി റിലീഫ് ഹെഡ് മാർട്ടിൻ ഗ്രാഫിത്ത്സ് പറഞ്ഞത്.

FAQs

എന്താണ് ടിഗ്രേ യുദ്ധം?

2020 നവംബർ മുതൽ 2022 നവംബർ വരെ നീണ്ടുനിന്ന സായുധ സംഘട്ടനമായിരുന്നു ടിഗ്രേ യുദ്ധം. എത്യോപ്യൻ ഫെഡറൽ ഗവൺമെൻ്റിനോടും സഖ്യകക്ഷികളായ സേനകളും തമ്മിൽ എത്യോപ്യയിലെ ടിഗ്രേ റീജിയണിലാണ് പ്രധാനമായും യുദ്ധം നടന്നത് .

എന്താണ് ഭക്ഷ്യ സുരക്ഷ?

ഒരു രാജ്യത്തെ ഭക്ഷണത്തിൻ്റെ ലഭ്യതയും ആ രാജ്യത്തിനുള്ളിലെ വ്യക്തികൾക്ക് ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ആക്സസ് ചെയ്യാനും  ലഭ്യമാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതുമാണ് ഭക്ഷ്യ സുരക്ഷ.

എന്താണ് പാസ്റ്ററലിസം?

മൃഗസംരക്ഷണ രീതിയാണ് പാസ്റ്ററലിസം. നാടോടികളായ ജനങ്ങൾ അവരുടെ വളർത്തുമൃഗങ്ങളുമായി ചുറ്റിനടക്കുകയും മേയാനായി അയക്കുകയും ചെയ്യുന്നു.

Quotes

വിശക്കുന്നവരുടെ മുന്നിൽ ഭക്ഷണത്തിൻ്റെ രൂപത്തിലല്ലാതെ ദൈവത്തിന് പ്രത്യക്ഷപ്പെടാൻ കഴിയില്ല – മഹാത്മ ഗാന്ധി

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.