Tue. Apr 30th, 2024

ഭക്ഷണം കിട്ടാതെ കൊടും പട്ടിണിയിലായ, വംശഹത്യയുടെ എല്ലാ ഭീകരതയും നേരിടുന്ന ഗാസയിലേയ്ക്ക് ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് ഒരു കുപ്പി വെള്ളം എങ്കിലും എത്തിക്കല്‍ രാഷ്ട്രീയപ്രവര്‍ത്തനം ആയിരിക്കെ അത്തരമൊരു ശ്രമത്തിന് തുടക്കമിട്ടിരിക്കുകയാണ് മലയാളിയായ ഡോ. ഹാഷിം റിഫായിയും അദ്ദേഹം നേതൃത്വം കൊടുക്കുന്ന വേള്‍ഡ് റഫ്യൂജി സപ്പോര്‍ട്ട് എന്ന എന്‍ജിഒയും

ലസ്തീന്‍ വംശഹത്യ ആറു മാസം പിന്നിട്ടിരിക്കുകയാണ്. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ ഗാസയില്‍ നിരന്തരമായ ആക്രമണം അഴിച്ചു വിട്ടത്. കര മാര്‍ഗവും വ്യോമ മാര്‍ഗവും നടത്തുന്ന ആക്രമണങ്ങളില്‍ ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളില്‍ ഭൂരിഭാഗവും ഭവനരഹിതരായി. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം 33000 മനുഷ്യരാണ് ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ്.

60 ശതമാനം ഭവനങ്ങളും തകര്‍ന്നു. 1.7 ദശലക്ഷം ആളുകള്‍ ആന്തരികമായി കുടിയിറക്കപ്പെട്ടു. ഭൂഗര്‍ഭ ജല വിതരണം നടത്തുന്ന കുഴല്‍ കിണറുകളില്‍ 83 ശതമാനവും പ്രവര്‍ത്തനരഹിതമായി. വടക്കന്‍ ഗവര്‍ണേറ്റുകളില്‍ ശുദ്ധജലം തീരെ കിട്ടാനില്ല. 6,25,000 കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടു. 30 ശതമാനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. 11 ലക്ഷം പേരാണ് വെള്ളമോ ഭക്ഷണമോ കിട്ടാതെ യുദ്ധഭൂമിയില്‍ കഴിയുന്നത്.

ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും ആരോഗ്യവും ഒക്കെയാണ് യുദ്ധ ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍. പൂര്‍ണമായും ഇസ്രായേലിന്റെ പിടിയിലായ ഗാസയിലെയ്ക്ക് ഭക്ഷണവും വെള്ളവും ടെന്റുകളും മരുന്നുമൊക്കെ എത്തിക്കല്‍ ശ്രമകരമാണ്.

നിലവില്‍ ഈജിപ്തിന്റെയും ഫലസ്തീനിന്റെയും അതിര്‍ത്തിയായ റഫ വഴി ട്രക്കുകളില്‍ അവശ്യസാധങ്ങള്‍ എത്തിക്കുന്നുണ്ട്. കൂടാതെ വ്യോമ മാര്‍ഗവും വിവിധ രാജ്യങ്ങള്‍ സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. വ്യോമ മാര്‍ഗം എത്തിക്കുന്ന ഭക്ഷണ പാക്കറ്റുകള്‍ ബോംബിട്ട് നശിപ്പിച്ചും ഭക്ഷണ വിതരണകേന്ദ്രത്തില്‍ കാത്തുനിന്നവര്‍ക്ക് നേരേ വെടിവെപ്പ് നടത്തിയും കൂടിയാണ് ഇസ്രായേല്‍ വംശഹത്യ തുടരുന്നത്.

ഗാസ screengrab, copyright: UNICEF/Hassan Islyeh

സലാഹ് അല്‍-ദിന്‍ റോഡ്, അല്‍ റാഷിദ് റോഡ്, ഗാസയുടെ കിഴക്ക് ഭാഗത്തെ സൈനിക റോഡ് എന്നീ റൂട്ടുകള്‍ വഴിയാണ് കരമാര്‍ഗം ഭക്ഷണവും വസ്ത്രവും മരുന്നുകളും ടെന്റുകളും ഒക്കെ അടങ്ങിയ ട്രക്കുകള്‍ ഇസ്രായേല്‍ കയറ്റിവിടുന്നതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നുണ്ട്. ഇസ്രായേലിനെ കൂടാതെ ഗാസയിലെയ്ക്കുള്ള സഹായവിതരണ ട്രക്കുകള്‍ നിയന്ത്രിക്കുന്നത് ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമാനിറ്റേറിയന്‍ വിഭാഗമാണ്.

പ്രതിദിനം ശരാശരി 400 ട്രക്കുകള്‍ ഗാസയിലെയ്ക്ക് കടത്തിവിടുന്നുണ്ടെന്നും ഗാസയില്‍ സഹായം കുമിഞ്ഞുകൂടുകയാണെന്നുമാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇസ്രായേല്‍ അവകാശപ്പെടുന്നതിന്റെ പകുതി ശതമാനം ട്രക്കുകള്‍ മാത്രമാണ് ഗാസയില്‍ എത്തുന്നത് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമാനിറ്റേറിയന്‍ കോര്‍ഡിനേറ്റര്‍ ജാമി മക്‌ഗോള്‍ഡ്രിക്ക് പറയുന്നത്.

ഭക്ഷണം കിട്ടാതെ കൊടും പട്ടിണിയിലായ, വംശഹത്യയുടെ എല്ലാ ഭീകരതയും നേരിടുന്ന ഗാസയിലേയ്ക്ക് ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് ഒരു കുപ്പി വെള്ളം എങ്കിലും എത്തിക്കല്‍ രാഷ്ട്രീയപ്രവര്‍ത്തനം ആയിരിക്കെ അത്തരമൊരു ശ്രമത്തിന് തുടക്കമിട്ടിരിക്കുകയാണ് മലയാളിയായ ഡോ. ഹാഷിം റിഫായിയും അദ്ദേഹം നേതൃത്വം കൊടുക്കുന്ന വേള്‍ഡ് റഫ്യൂജി സപ്പോര്‍ട്ട് എന്ന എന്‍ജിഒയും. കുറച്ച് മാസങ്ങളുടെ ശ്രമത്തിന് ശേഷം നാല് ട്രക്ക് ഭക്ഷ്യ വസ്തുക്കളും രണ്ട് ട്രക്ക് ടെന്റുകളുമാണ് വേള്‍ഡ് റഫ്യൂജി സപ്പോര്‍ട്ട് ഗാസയിലെയ്ക്ക് അയച്ചത്. തടസ്സങ്ങള്‍ ഇല്ലാതെ ട്രക്കുകള്‍ ഗാസയില്‍ എത്തിയാല്‍ ഇനിയും സഹായം തുടരാനാണ് എന്‍ജിഒയുടെ തീരുമാനം.

ലോകത്താകമാനമുള്ള അഭയാര്‍ത്ഥികള്‍ക്ക് അതിജീവനത്തിന് വേണ്ടിയുള്ള സഹായങ്ങള്‍ എത്തിക്കാനാണ് വേള്‍ഡ് റഫ്യൂജി സപ്പോർട്ട് ലക്ഷ്യമിടുന്നത്. ഇത്തരമൊരു ശ്രമത്തിന്റെ ഭാഗമായാണ് ഗാസയിലേയ്ക്കുള്ള സഹായഹസ്തം. ‘കാരുണ്യത്തിന്റെ നാടായ കേരളത്തില്‍ നിന്ന് ഗാസയിലെ പ്രയാസമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊരു കാരുണ്യ സ്പര്‍ശം’ എന്നെഴുതിയ ട്രക്കുകള്‍ റാഫ അതിര്‍ത്തി വഴിയാണ് ഗാസയില്‍ പ്രവേശിക്കുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഗാസയില്‍ എത്തുന്ന സഹായത്തിലൂടെ കേരളവും അടയാളപ്പെടുത്തപ്പെടും.

ഡോ. ഹാഷിം റിഫായി screengrab, copyright: Facebook

ലോകം മൊത്തം ഫലസ്തീനിലേയ്ക്ക് ഉറ്റുനോക്കുമ്പോഴും ഗാസയിലെ മൂന്നിലൊന്ന് പേരും പട്ടിണിയിലൂടെയാണ് കടന്നുപോകുന്നത്. ഇസ്രായേല്‍ എന്ന ഭയത്തെ മറികടന്ന് കൊണ്ട് സഹായം എത്തിക്കാന്‍ സംഘടനകളും മറ്റു സംവിധാനങ്ങളും മടിച്ചുനില്‍ക്കുന്നത് ശരിയായ പ്രവണതയല്ല എന്ന ബോധ്യത്തില്‍ നിന്നാണ് ഡോ. ഹാഷിമും അദ്ദേഹത്തിന്റെ എന്‍ജിഒയും ഗാസയിലെയ്ക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. അതിനായി ഈജിപതിലേയ്ക്ക് മൂന്ന് ഘട്ടമായി യാത്രകള്‍ നടത്തി. നിരവധി ആളുകളുമായി കൂടിക്കാഴ്ച നടത്തി. മാസങ്ങള്‍ക്കൊടുവില്‍ സഹായം എത്തിക്കാനുള്ള മാര്‍ഗവും കണ്ടെത്തി.

”മാനുഷിക മൂല്യങ്ങളുള്ള, കരുണയുള്ള, ആര്‍ദ്രദയുള്ള എല്ലാവരും ഉറ്റുനോക്കുന്ന വിഷയം ആണല്ലോ ഗാസ. ലോകം മുഴുവന്‍ ഗാസയ്ക്ക് വേണ്ടി പ്രകടനം നടത്തുന്നു. ലോകം മുഴുവന്‍ ഫലസ്തീനികള്‍ക്ക് ഒപ്പമാണ്. ആ സമയത്തും ലോകം മാറിനിന്ന് നോക്കുകയാണ്. എല്ലാവരും ഫലസ്തീനികള്‍ക്ക് ഒപ്പമാണ്. പക്ഷെ ആരും ഇടപെടുന്നില്ല. ഇടപെടാത്തതിന്റെ പേരില്‍ ഒരു രാജ്യത്തിലെ ജനങ്ങളെ ഇസ്രായേല്‍ ശരിക്കും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് നമുക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് തന്നെ ലജ്ജ തോന്നുന്ന അവസ്ഥയാണ്. ഇടപെടാതെ ജീവിക്കുക എന്നതില്‍ എന്തോ കുഴപ്പമുണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു.

ആദ്യം ഇവിടുത്തെ വലിയ വലിയ സംഘടനകളും സംവിധാനങ്ങളും എന്തെങ്കിലും ഒക്കെ ചെയ്യും എന്ന പ്രതീക്ഷയില്‍ നിന്നെങ്കിലും, പല കാരണങ്ങള്‍ കൊണ്ട് അവര്‍ ചെയ്യില്ല എന്ന് ബോധ്യപ്പെട്ടപ്പോള്‍ എന്റെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ചെയ്ത ശ്രമമാണിത്. ആ ഒരു ചെയ്യലില്‍ നിന്നും എല്ലാവരും മാറിനില്‍ക്കുന്നത് നിലവിലെ വ്യവസ്ഥ അവരെ പിന്തുണക്കുന്നില്ല എന്നത് കൊണ്ടാണ്. പിന്തുണക്കുന്നില്ലാ എന്ന് വെച്ച് വലിയൊരു അനീതി നടക്കുമ്പോള്‍ ഭയന്നിട്ട് ഭീരുവായി നില്‍ക്കാന്‍ എനിക്ക് മനസ്സു വന്നില്ല.”, ഡോ. ഹാഷിം വോക്ക് മലയാളത്തോട് പറഞ്ഞു.

”എങ്ങനെ അവരെ സഹായിക്കണം എന്ന് ആലോചിക്കുന്ന ആളുകള്‍ക്ക് സുതാര്യമായ വിശ്വസനീയമായ ഒരു മാര്‍ഗം ഉണ്ടാക്കികൊടുക്കാന്‍ കൂടി വേണ്ടിയാണ് ഇതിലേയ്ക്ക് പുറപ്പെട്ടത്. ഫലസ്തീനികളെ ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ എല്ലാവരും നോക്കിനില്‍ക്കുന്നത് എന്തൊക്കെയോ തരത്തിലുള്ള ഭയമാണ്. ആ ഭയത്തെയാണ് നമ്മള്‍ അതിജീവിക്കേണ്ടത്. ഒരു വ്യക്തിയ്ക്ക് അതിജീവിക്കാനുള്ള പരിധി ഉണ്ടാകും. ഒരു സമൂഹത്തിന് അതിജീവിക്കാനുള്ള പരിധി കുറച്ച് അപ്പുറം ആയിരിക്കും.

ഒരു രാജ്യം അതിജീവിക്കാന്‍ തീരുമാനിച്ചാല്‍ അതിന്റെ പരിധി വേറെ ഒന്നായിരിക്കും. വലിയ വലിയ രാജ്യങ്ങള്‍ ആ ഭയത്തെ അതിജീവിക്കാന്‍ തീരുമാനിച്ചാല്‍ കൊടുക്കേണ്ടത് 100 ചാക്ക് അരിയല്ല. വേറെ രീതിയിലുള്ള പിന്തുണയാണ്. വ്യക്തി എന്ന നിലയില്‍ എന്റെ ഭയത്തെ അതിജീവിച്ചു കൊണ്ട് എനിക്ക് അവര്‍ക്ക് വേണ്ടി ചെയ്യാനുള്ള സഹായമാണിത്. ജീവിച്ചിരിക്കുന്ന നാട്ടിലെ ഭീഷണി, ഞാന്‍ പോകുന്ന നാട്ടിലെ ഭീഷണി, ഇതിനെ എതിര്‍ക്കുന്ന രാജ്യങ്ങളുടെ നോട്ടപ്പുള്ളി ആവുമ്പോഴുള്ള ഭീഷണി. ഇതൊക്കെയാണ് പലരെയും ഇതില്‍ നിന്നും പിന്മാറ്റുന്നത്. പക്ഷെ ഒരു അനീതി നടക്കുമ്പോള്‍ നീതിക്കൊപ്പം നില്‍ക്കുക എന്നതിന് ഈ ഭീഷണികള്‍ ഒന്നും എനിക്ക് പരിഗണയില്‍ വന്നില്ല.”, ഡോ. ഹാഷിം പറയുന്നു.

ഗാസയില്‍ നിന്നുള്ള പരിക്കേറ്റവരെ ചികിത്സിക്കുന്ന ഒരു ആശുപത്രിയിലെ സുരക്ഷ ജീവനക്കാര്‍ക്കൊപ്പം ഡോ. ഹാഷിം റിഫായി screengrab, copyright: Facebook

നിരവധി ഭീഷണികള്‍ തരണം ചെയ്താണ് വേള്‍ഡ് റഫ്യൂജി സപ്പോര്‍ട്ട് ട്രക്കുകള്‍ സൂയസ് കനാലിന്റെ അതിര്‍ത്തിയില്‍ എത്തിച്ചത്. സുരക്ഷ മുന്‍നിര്‍ത്തി അവിടെ നിന്നും ഭക്ഷ്യ വസ്തുക്കള്‍ കടല്‍ മാര്‍ഗവും ടെന്റുകള്‍ കര മാര്‍ഗവുമാണ് റാഫ അതിര്‍ത്തിയില്‍ എത്തിക്കുക. പൂര്‍ണമായും ജനങ്ങളുടെ പണം കൊണ്ട് വാങ്ങിയ വസ്തുക്കള്‍ വളരെ സൂക്ഷമായ തയ്യാറെപ്പുകളോടെയാണ് ഗാസയിലെയ്ക്ക് അയച്ചിട്ടുള്ളത്.

”സഹായം അവിടെ എത്തിക്കുമ്പോള്‍ ഇസ്രായേല്‍ എന്നത് അവസാനത്തെ ഭീഷണിയാണ്. അവകാശികളിലേയ്ക്ക് നമ്മുടെ സഹായം എത്തിക്കണം എങ്കില്‍ ഒരുപാട് ഭീഷണികള്‍ തരണം ചെയ്യേണ്ടതായിട്ടുണ്ട്. ഇതിനിടയില്‍ ഇടനിലക്കാര്‍ അടിച്ചുമാറ്റുന്നുണ്ട്. ഗാസയിലെയ്ക്ക് എത്തുന്ന സഹായം പരിമിതമാണ്. ഗാസയിലെയ്ക്ക് പോകാനുള്ള തടസ്സം സഹായം കിട്ടാത്ത തടസ്സം അല്ല. ചുരുക്കം ട്രക്കുകള്‍ മാത്രമേ കടത്തിവിടുന്നുള്ളൂ. അതിര്‍ത്തി തുറന്നു കൊടുത്താല്‍ അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം എല്ലാം എത്തിക്കാന്‍ പലരും തയ്യാറാണ്.

സഹായം എത്തിക്കാനാണെങ്കില്‍ അവിടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ രജിസ്‌ട്രേഷനുള്ള എന്‍ജിഒകള്‍ക്ക് വേണമെങ്കില്‍ പൈസ കൊടുക്കാം. പക്ഷേ, അത് ഗാസയില്‍ എത്തുമെന്ന് ഒരു ഉറപ്പും ഇല്ല. അവിടെ ചെന്നിട്ടും എന്‍ജിഒകള്‍ക്ക് പൈസ കൊടുക്കാം. അതും അവിടെ എത്തുമെന്ന് ഉറപ്പില്ല. സഹായം അവരുടെ കയ്യില്‍ എത്തുന്നതിന് മുമ്പ് ഏത് സമയവും ഇതിനിടെ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ആ സഹായം വേറെ രീതിയില്‍ ഉപയോഗിക്കാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതാണ് ഒന്നാമത്തെ ഭീഷണി.”, ഡോ. ഹാഷിം വോക്ക് മലയാളത്തോട് പറഞ്ഞു.

”ജനങ്ങളുടെ പൈസ കൊണ്ടാണ് സാധങ്ങള്‍ വാങ്ങിക്കുന്നത്. പര്‍ച്ചേസ് ചെയ്യുന്നത് മുതല്‍ അത് അവിടെ എത്തുന്നത് വരെ നമ്മള്‍ മോണിറ്റര്‍ ചെയ്തു കൊണ്ടിരുന്നില്ലെങ്കില്‍ അത് അവിടെ എത്തില്ല. അവിടെ എത്തിക്കഴിഞ്ഞാല്‍ ആണ് ഇസ്രായേല്‍ ബോംബിടുന്നത്. ബോംബിടുന്നത് സഹായം എത്തിക്കുന്ന ആളുകള്‍ പേടിച്ചിട്ട് മാറിനില്‍ക്കണം എന്നുള്ളത് കൊണ്ടാണ്. ഇതില്‍ എന്റെ അഭിപ്രായം ബോംബിടുമ്പോള്‍ അതുവരെ പോയതിന്റെ ഇരട്ടിയാണ് പോകേണ്ടത്. 10 എണ്ണം വിടുമ്പോള്‍ അഞ്ചെണ്ണം ബോംബിട്ടാല്‍ പിന്നീട് 20 ട്രക്ക് പോകണം.

ഇതൊരു പോരാട്ടമാണ്. എതിര്‍ക്കുന്നവര്‍ മാത്രമല്ല ഇവിടെ പോരാളികള്‍. പോരാട്ട ഭൂമിയില്‍ സധൈര്യം പോയി വാര്‍ത്ത കൊടുക്കുന്ന ജേര്‍ണലിസ്റ്റും പോരാട്ടവീര്യമുള്ളയാളാണ്. പോരാട്ടവീര്യമുള്ള ഡ്രൈവറേ ട്രക്കുമായി പോകൂ. ആ നിലയ്ക്ക് ഒരു പോരാട്ടവീര്യമുള്ള ചാരിറ്റി ആയാണ് ഇതിനെ കാണുന്നത്. ചാരിറ്റി ചെയ്യുന്നവരും ഈ പോരാട്ട വീര്യം കാണിക്കണം.”, ഡോ. ഹാഷിം പറയുന്നു.

വേള്‍ഡ് റെഫ്യൂജീസ് സപ്പോര്‍ട്ട് ഈജിപ്തിലുള്ള ഫലസ്തീനികള്‍ക്ക് എത്തിച്ച സഹായം screengrab, copyright: Facebook

”സൂയസ് കനാലിന്റെ ഇപ്പുറം വരെയേ നമുക്ക് പോകാന്‍ കഴിയൂ. വളരെ വിശ്വസനീയമായ സോഴ്‌സ് വഴിയാണ് സാധങ്ങള്‍ കൊടുത്തുവിട്ടിട്ടുള്ളത്. രണ്ടാഴ്ച ആവും റഫ അതിര്‍ത്തിയില്‍ എത്താന്‍. കൊടുത്തയച്ച ഭക്ഷ്യവസ്തുക്കള്‍ പോകുക കടല്‍ മാര്‍ഗമാണ്. ടെന്റുകള്‍ കരമാര്‍ഗമാണ് പോകുന്നത്. ടെന്റ് കര മാര്‍ഗം പോയാലും സേഫ് ആണ്. ഭക്ഷണം സേഫ് അല്ല.

ഇപ്പോഴും ആരോടും വേള്‍ഡ് റെഫ്യൂജി സപ്പോര്‍ട്ട് പൈസ ചോദിച്ചിട്ടില്ല. പൈസ എന്നെ തേടി വരികയാണ് ചെയ്തത്. ആദ്യം ഈജിപ്തില്‍ പോയി സഹായം ഗാസയിലേയ്ക്ക് എത്തിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് നോക്കി. എന്നിട്ട് അയക്കാനുള്ള മാര്‍ഗം നോക്കി. വ്യത്യസ്തമായ എന്‍ജിഒകളെ പോയി കണ്ടു. അവിടെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിക്ക് കെയ്‌റോയില്‍ അഭയാര്‍ത്ഥി ഡിപ്പാര്‍ട്ട്‌മെന്റുണ്ട്. അവിടെ പോയി അവിടുത്തെ ഫാക്കല്‍റ്റിയോട് സംസാരിച്ചു. അവിടുന്ന് കൂടുതല്‍ ലിങ്ക് കിട്ടി. കാര്യങ്ങള്‍ മനസ്സിലാക്കി. എന്നിട്ട് തിരിച്ചു വന്ന് സഹായം എത്തിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു തുടങ്ങി. ഗാസയ്ക്ക് സഹായം എത്തിക്കുന്നുണ്ട് എന്ന് അറിഞ്ഞവര്‍ പിന്നീട് സഹായവുമായി എത്തുകയായിരുന്നു.

ഈജിപ്തില്‍ നിന്നും രണ്ട് ആളുകള്‍ക്കാണ് സഹായം അയക്കാന്‍ അധികാരമുള്ളത്. ഒന്ന് ഈജിപ്ഷ്യന്‍ റെഡ് ക്രസന്റിനാണ്. അവരുമായി സംസാരിച്ചിരുന്നു. പണമാണ് അവര്‍ ആവശ്യപ്പെട്ടത്. ആളുകളില്‍ നിന്നും പൈസ വാങ്ങിയാണല്ലോ സഹായം ചെയ്യുന്നത്. ഒരു സുതാര്യതയുടെ പ്രശ്‌നം ഉള്ളതുകൊണ്ട് പൈസ തരാന്‍ കഴിയില്ലെന്ന് അവരോട് പറഞ്ഞു. ഞങ്ങള്‍ സാധനം വാങ്ങി അവരുടെ പിന്തുണയോടെ അയക്കാം എന്ന് പറഞ്ഞു. രണ്ട് മൂന്ന് മീറ്റിങ്ങിന് ശേഷം ഇത് അവര്‍ക്ക് ബോധ്യപ്പെട്ടു. അതനുസരിച്ച് ഞങ്ങള്‍ക്ക് അനുവാദം കിട്ടി. റെഡ് ക്രസന്റിന്റെ പിന്തുണയോടെയാണ് ഇപ്പോള്‍ സാധനങ്ങള്‍ അയച്ചിട്ടുള്ളത്.”, ഡോ. ഹാഷിം പറഞ്ഞു.

“യുദ്ധം തുടങ്ങിയ സമയത്താണ് ആദ്യം ഈജിപ്തിലേയ്ക്ക് പോകുന്നത്. കാര്യങ്ങള്‍ എല്ലാം അന്വേഷിക്കാന്‍. അടുത്ത ഘട്ടം പോയപ്പോഴാണ് ഏതൊക്കെ സഹായമാണ് കൊടുക്കേണ്ടത് എന്ന ലിസ്റ്റ് തരുന്നത്. പടിഞ്ഞാറന്‍ ഗാസയില്‍ റെഡി ടു ഈറ്റ് ഫുഡ് ആണ് വേണ്ടത്. റഫ വഴി സഹായം എത്തിക്കാന്‍ ആണെങ്കില്‍ പാകം ചെയ്യാന്‍ കഴിയുന്ന ഭക്ഷണം ആണ് വേണ്ടത്. ഇതില്‍ ഏതാണ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് അവര്‍ ചോദിച്ചു. ഏറ്റവും അനിവാര്യമായത് ഏതാണോ ആ സഹായം എത്തിക്കാം എന്ന് പറഞ്ഞു.

അപ്പോള്‍ അനിവാര്യതയുള്ളത് ടെന്റുകള്‍ ആയിരുന്നു. അങ്ങനെ ഭക്ഷണം വാങ്ങിക്കാന്‍ വേണ്ടി കൊണ്ടുപോയ പൈസ ടെന്റുകള്‍ക്ക് വേണ്ടി ഉപയോഗിച്ചു. ടെന്റുകള്‍ ഇറക്കുമതി ചെയ്യാം എന്നാണ് കരുതിയത്. പക്ഷേ, അത് കിട്ടുമ്പോഴേക്കും നാലുമാസമോ അഞ്ചുമാസമോ ആകും. പിന്നീട് ഈജിപ്തില്‍ തന്നെയുള്ള വില്‍പ്പനക്കാരില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചു.

മൂന്നാമത്തെ യാത്രയില്‍ ടെന്റുകള്‍ക്ക് ഓര്‍ഡര്‍ കൊടുത്തു. ഭക്ഷണത്തിനായിരുന്നു പല ആളുകളും പണം തന്നത്. അതുകൊണ്ട് നാല് ലോറിയില്‍ ഭക്ഷണവും രണ്ട് ലോറിയില്‍ 100 ടെന്റും കൊടുത്തുവിട്ടു. ഇത് അവിടെ കൃത്യമായി എത്തി എന്ന് ബോധ്യപ്പെട്ടാല്‍ 1000 ടെന്റുകള്‍ അയക്കാനാണ് ഇപ്പോഴത്തെ പദ്ധതി.”, ഡോ. ഹാഷിം കൂട്ടിച്ചെര്‍ത്തു.

ഗസക്കും ഫലസ്തീനികള്‍ക്കും കൂടുതല്‍ സഹായം എത്തിക്കാന്‍ വേള്‍ഡ് റെഫ്യൂജി സപ്പോര്‍ട്ട് എന്ന എന്‍ജിഒ ഈജിപ്തില്‍ രജിസ്റ്റര്‍ ചെയ്യാനാണ് പദ്ധതി. മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ ഒരു എന്‍ജിഒ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ ലോകത്താകമാനമുള്ള അഭയാര്‍ത്ഥികള്‍ക്ക് വിഭ്യാഭ്യാസം, തൊഴില്‍, പാര്‍പ്പിടം തുടങ്ങിയ കരുതല്‍ എത്തിക്കാനും പദ്ധതിയുണ്ട്.

ഗാസയില്‍ ഒരു കുടുംബത്തിന് വിതരണം ചെയ്യാനുള്ള ഭക്ഷ്യ വസ്തുക്കള്‍ screengrab, copyright: Facebook

”ഗാസയില്‍ നിന്നും പരിക്കേറ്റ ആളുകള്‍ ഈജിപ്തിലെ ഇസ്മാലിയ എന്ന സ്ഥലത്തെ ആശുപത്രികളില്‍ അഡ്മിറ്റ് ആയിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണം ആവശ്യമുണ്ട്, വസ്ത്രം ആവശ്യമുണ്ട്, മരുന്ന് ആവശ്യമുണ്ട്. ചികിത്സ കഴിഞ്ഞവരെയും അവിടെ താമസിപ്പിച്ചിട്ടുണ്ട്. അവര്‍ക്കും ഇത്തരം സാധങ്ങള്‍ ആവശ്യമുണ്ട്. നൂറോളം കുടുംബങ്ങള്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നുണ്ട്. അവര്‍ക്കും ജോലിയൊന്നും ഇല്ല.

ഇത് ആരുടേയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇവരെ സഹായിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് എന്‍ജിഒ അവിടെ രജിസ്റ്റര്‍ ചെയ്യുന്നത്. എന്‍ജിഒ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മറ്റൊരു എന്‍ജിഒയുടെ കൂടെയേ എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. എന്‍ജിഒ രജിസ്റ്റര്‍ ചെയ്ത് ഇനി ഗാസയില്‍ നിന്നും വരുന്ന ആളുകളെ പരിപാലിക്കണം എന്നാണ് ഒരു പദ്ധതി.”, ഡോ. ഹാഷിം പറയുന്നു.

2017 ലെ റോഹിങ്ക്യന്‍ വംശഹത്യയെ തുടര്‍ന്ന് ഇന്ത്യയില്‍ എത്തിയിട്ടുള്ള അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി വിദ്യാഭ്യാസ സഹായങ്ങള്‍ എത്തിച്ചാണ് ടീച്ചര്‍ ട്രെയിനര്‍ ആയിരുന്ന ഡോ. ഹാഷിം റിഫായിയും വേള്‍ഡ് റെഫ്യൂജി സപ്പോര്‍ട്ടിനു മുമ്പേ പ്രവര്‍ത്തനം ആരംഭിച്ച യു ആന്‍ഡ് മി എന്ന എന്‍ജിഒയും അഭയാര്‍ത്ഥികള്‍ക്കിടയിലെ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

‘മനസ്സില്‍ ഉണ്ടായിരുന്നത് റോഹിങ്ക്യന്‍ അഭയാര്‍ഥി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ പോയി അവര്‍ക്ക് ട്രെയിനിംഗ് കൊടുക്കലായിരുന്നു. അവിടെ പോയപ്പോഴാണ് മനസ്സിലാകുന്നത് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നില്ലാ എന്ന്. 10 വയസ്സുള്ള കുട്ടികള്‍ എല്ലാം പാഴ്‌വസ്തുക്കള്‍ ശേഖരിച്ച് മാലിന്യത്തില്‍ ജീവിക്കുന്നതാണ് കാണുന്നത്. അത് ഒരു ഷോക്ക് ആയിരുന്നു. അഭയാര്‍ത്ഥികള്‍ മാലിന്യത്തില്‍ ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഈ കുട്ടികള്‍ക്ക് വിദ്യാഭ്യാസം വേണം. വിദ്യാഭ്യാസം വേണം എന്നുണ്ടെങ്കില്‍ ലേണിംഗ് സെന്റര്‍ ഉണ്ടാക്കണം. പക്ഷേ, ഇവര്‍ ജീവിക്കുന്നത് മാലിന്യ കുമ്പാരത്തിലാണ്. മാലിന്യം അല്ലാത്ത രീതിയില്‍ ഇവര്‍ക്ക് ഷെല്‍ട്ടര്‍ ഉണ്ടാക്കണം. ഷെല്‍ട്ടര്‍ ഉണ്ടാക്കുന്നതിന് മുമ്പ് മാലിന്യം വാരുന്ന ജോലി അല്ലാത്ത മറ്റൊരു ജോലി ഇവര്‍ക്ക് വേണം. വിദ്യഭ്യാസം, ജോലി, താമസം. ഈ മൂന്നിനും പ്രാധാന്യം കൊടുത്താണ് പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് ഇന്ത്യയിലെ എന്‍ജിഒകളെ സമീപിച്ചിരുന്നു. ഈ വിഷയം അറിഞ്ഞപ്പോള്‍ ഞാന്‍ സമീപിച്ച എല്ലാ എന്‍ജിഒകളും നിസ്സംഗത പാലിച്ചു. റോഹിങ്ക്യന്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. അവരുടെ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും പ്രവര്‍ത്തിക്കാനുള്ള ഫണ്ടും ചെയ്യില്ലെന്നും പറഞ്ഞു. ഇതിനു ശേഷം കുറച്ചു സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ചെറിയ ചെറിയ ലേണിംഗ് സെന്ററുകള്‍ തുടങ്ങിയത്.

ഇപ്പോള്‍ ഇന്ത്യയില്‍ 14 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയമപരമായി യുഎൻഎച്ച്സിആർ കൊടുക്കുന്ന റെഫ്യൂജി  സ്റ്റാറ്റസുള്ള അഭയാർത്ഥികൾക്കാണ് സഹായം എത്തിക്കുന്നത്. നിലവില്‍ നേപ്പാളിലും ഇന്ത്യയിലുമായി ആയിരത്തോളം കുട്ടികളുടെ പഠനം യു ആന്‍ഡ് മി ഫൗണ്ടേഷന്‍ നടത്തുന്നുണ്ട്. നേപ്പാളില്‍ മൂന്ന് ലേണിംഗ് സെന്ററുകളാണ് നടത്തുന്നത്.”, ഡോ. ഹാഷിം പറയുന്നു.

യു ആന്‍ഡ് മി ഫൗണ്ടേഷന്റെ സഹായത്തോടെ പഠനം നടത്തുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ screengrab, copyright: Facebook

”ബംഗ്ലാദേശില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നാലാം ക്ലാസ് വരെ പഠിക്കാനെ അനുമതിയുള്ളൂ. നാലാം ക്ലാസ് കഴിഞ്ഞാല്‍ പിന്നെ പഠിക്കാന്‍ പാടില്ല. ഇവരെ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ പത്താം ക്ലാസ് കഴിഞ്ഞ ബംഗ്ലാദേശിയോ ഏഴാം ക്ലാസ് കഴിഞ്ഞ റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയോ ആണ്. ഇവര്‍ക്ക് കൊടുത്തിരിക്കുന്ന സിലബസ് ബംഗ്ലാദേശിന്റെതുമല്ല മ്യാന്മറിന്റെതുമല്ല. ഇതെങ്ങനെ പഠിപ്പിക്കണം എന്ന് ടീച്ചര്‍മാര്‍ക്കും അറിയില്ല.

അതുകൊണ്ട് അവിടെ ടീച്ചര്‍മാര്‍ക്ക് ട്രെയിനിംഗ് കൊടുക്കാനുള്ള പദ്ധതികള്‍ ഉണ്ടാക്കി. 1500 ലേണിംഗ് സെന്റര്‍ ഉണ്ട് അവിടെ. ഓരോ ലേണിംഗ് സെന്ററിലും രണ്ട് ടീച്ചര്‍മാര്‍ വീതം. ഇവര്‍ക്ക് ട്രെയിനിംഗ് കൊടുക്കാനാണ് ബംഗ്ലാദേശില്‍ പ്ലാന്‍ ചെയ്യുന്നത്. ലോകത്ത് എവിടെയൊക്കെ അഭയാര്‍ത്ഥികള്‍ ഉണ്ടോ അവര്‍ക്കെല്ലാം സഹായം എത്തിക്കാനാണ് യു ആന്‍ഡ് മി ഫൗണ്ടേഷനും വേള്‍ഡ് റെഫ്യൂജി സപ്പോര്‍ട്ടും ശ്രമിക്കുന്നത്.”, ഡോ ഹാഷിം റിഫായി പറഞ്ഞവസാനിപ്പിച്ചു.

FAQs

എന്താണ് ഇസ്രായേൽ-ഫലസ്തീൻ സംഘർഷം?

ഫലസ്തീന്‍ പ്രദേശത്തിനുള്ളിൽ ഭൂമിയെയും സ്വയം നിർണ്ണയാവകാശത്തെയും സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന സൈനികവും രാഷ്ട്രീയവുമായ സംഘർഷമാണിത്. ഫലസ്തീനില്‍ ജൂതര്‍ക്ക് അഭയം കൊടുക്കുകയും മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ജൂതര്‍ ഇസ്രായേല്‍ എന്ന രാജ്യം സ്ഥാപിക്കുകയും അതുവഴി ഫലസ്തീനികള്‍ക്ക് തങ്ങളുടെ രാജ്യം നഷ്ടപ്പെടുകയും ചെയ്തു.

Quotes

“തീർച്ചയായും ഞാൻ ഇസ്രായേലിനെ സ്നേഹിക്കുന്നവനല്ല. എനിക്ക് സ്നേഹിക്കാന്‍ ഒരു കാരണവുമില്ല. പക്ഷെ ഞാൻ ജൂതന്മാരെ വെറുക്കുന്നില്ല- മഹമൂദ് ദർവിശ്

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.