വിവാദ ചലച്ചിത്രം ദ കേരള സ്റ്റോറിക്കെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് വീണ്ടും സുപ്രീംകോടതി. വിഷയം ഹൈക്കോടതിക്ക് വിട്ടതെന്ന് കോടതി അറിയിച്ചു. സിനിമയ്ക്ക് നിലവാരമുണ്ടോയെന്ന് പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി നിര്‍ദ്ദേശം കേരള ഹൈക്കോടതി പാലിച്ചില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
അതേസമയം, സിനിമ നിരോധിക്കണം എന്നാവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും. മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍.അരവിന്ദാക്ഷനാണ് ഹര്‍ജി നല്‍കിയത്. കേരളത്തിനെതിരെ വ്യാജപ്രചാരണം നടത്തുന്ന സിനിമ ഇന്ത്യയുടെ അഖണ്ഡത തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഇന്ത്യയുടെ അഖണ്ഡതയെ തടയുമെന്നും പ്രത്യേക മതവിഭാഗത്തിനെതിരായി വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. വ്യാജ പ്രചാരണമാണ് സിനിമ മുന്നോട്ട് വെക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടി കേരള ഡിജിപിക്കും തമിഴ്‌നാട് ഡിജിപ്പിക്കും അരവിന്ദാക്ഷന്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ തമിഴ്‌നാട് സര്‍ക്കാരിനും കേരള സര്‍ക്കാരിനും കേന്ദ്ര സംസ്ഥാന സെന്‍സര്‍ ബോര്‍ഡുകള്‍ക്കും ചിത്രം പ്രദര്‍ശിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ക്കും അരവിന്ദാക്ഷന്‍ പരാതി നല്‍കി. അതേസമയം, കേരളാ സ്റ്റോറി നാളെ റിലീസ് ചെയ്യാനിരിക്കെ ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സിനിമ റിലീസ് ചെയ്താല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനിടയുണ്ടെന്ന തമിഴ്‌നാട് പൊലീസ് ഇന്റലിജന്‍സിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ആലോചന നിലവില്‍ സര്‍ക്കാര്‍ തലത്തിലില്ല.