Mon. Dec 23rd, 2024

എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റിന്റെ മേധാവി സഞ്ജയ് മിശ്രയുടെ കാലാവധി അവര്‍ത്തിച്ച് നീട്ടിനല്‍കുന്നതിനെതിരേ സുപ്രീം കോടതിയുടെ വിമര്‍ശനം. ഒഴിവാക്കാനാകാത്ത ഉദ്യോഗസ്ഥനാണോ ഇഡി ഡയറക്ടര്‍ സഞ്ജയ് മിശ്രയെന്ന് കേന്ദ്ര സര്‍ക്കാരിനോട് ജസ്റ്റിസ് ബിആര്‍. ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ആരാഞ്ഞു. ഇഡിക്ക് നേതൃത്വം നല്‍കാന്‍ കഴിവും അര്‍ഹതയുമുള്ള മറ്റ് ഉദ്യോഗസ്ഥര്‍ ആരുമില്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിനല്‍കിയതിനെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ന്യായീകരിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം ഉണ്ടായത്.

സഞ്ജയ് മിശ്രയോടുള്ള വ്യക്തിപരമായ താത്പര്യം കാരണമല്ല കാലാവധി നീട്ടിനല്‍കിയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇന്ത്യ ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പ്രതിനിധികള്‍ വിലയിരുത്താന്‍ പോകുകയാണ്. ഈ സാഹചര്യത്തിലാണ് മിശ്രയുടെ കാലാവധി നീട്ടിനല്‍കിയതെന്നും സോളിസിസ്റ്റര്‍ ജനറല്‍ വിശദീകരിച്ചു. എന്നാല്‍, ഇഡിയില്‍ തന്നെ ഈ ഉത്തരവാദിത്വം നടപ്പാക്കാന്‍ കഴിവും അര്‍ഹതയുമുള്ള മറ്റാരുമില്ലേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. നീട്ടി നല്‍കിയ കാലാവധി 2023 നവംബറില്‍ അവസാനിക്കും. ഇതിന് ശേഷമാണ് പ്രതിനിധികള്‍ എത്തുന്നതെങ്കില്‍ എന്തുചെയ്യുമെന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. അധികാരത്തില്‍ ഇരുന്ന ഒരു പ്രധാനമന്ത്രി കൊലചെയ്യപ്പെട്ട രാജ്യമാണിത്. എന്നിട്ടും രാജ്യം മുന്നോട്ടുപോയെന്ന് ഹര്‍ജി പരിഗണിച്ച ബെഞ്ച് ചൂണ്ടിക്കാട്ടി.

2018ലാണ് സഞ്ജയ് കുമാര്‍ മിശ്രയെ ഇ.ഡി ഡയറക്ടായി ആദ്യം നിയമിക്കുന്നത്. ആ കാലാവധി 2020 നവംബറില്‍ അവസാനിച്ചിരുന്നു. 2020 മെയ് മാസം എസ് കെ. മിശ്രയ്ക്ക് 60 വയസ് പൂര്‍ത്തിയായിരുന്നു. 2020 നവംബര്‍ പതിമൂന്നിന് ഇഡി ഡയറക്ടറുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി ഉയര്‍ത്തി വിജ്ഞാപനമിറക്കി. വിജ്ഞാപനം സുപ്രീം കോടതി ശരിവെച്ചെങ്കിലും മിശ്രയ്ക്ക് ഇനി കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് ശേഷം ഇ.ഡി ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷംവരെ നീട്ടാന്‍ അധികാരംനല്‍കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രം പുറത്തിറക്കി. ഇതിനെ ചോദ്യംചെയ്താണ് കോണ്‍ഗ്രസ് നേതാക്കളായ ഡോ. ജയാ താക്കൂര്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.