Mon. Dec 23rd, 2024

കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്താനിരുന്ന യുഎഇ സന്ദര്‍ശനം റദ്ദാക്കി. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കുന്നതിനു യുഎഇ സര്‍ക്കാരിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രി പോകാന്‍ തീരുമാനിച്ചത്. മന്ത്രിമാരായ പി രാജീവ്, പിഎ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വിപി ജോയി എന്നിവര്‍ അടങ്ങുന്ന 9 അംഗ സംഘം ഏഴിനു പോകാന്‍ ആയിരുന്നു ആലോചന.

എന്നാല്‍ ഇത്തരം സംഗമത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ലെന്നും പകരം ഔദ്യോഗിക സംഘത്തെ അയച്ചാല്‍ മതി എന്നുമാണ് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. എട്ട് മുതല്‍ 10 വരെ അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലാണ് നിക്ഷേപക സംഗമം. യുഎഇ മന്ത്രി ഡോ താനി അഹമ്മദ് അല്‍ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. വിദേശ രാജ്യങ്ങള്‍ നേരിട്ടു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിക്കുന്നതിന്റെ അനൗചിത്യവും അനുമതി നിഷേധിക്കാന്‍ കാരണമായി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അസാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സംഗമത്തില്‍ പങ്കെടുക്കും. സംഘത്തില്‍ ആരൊക്കെ ഉണ്ടാകണം എന്നു തീരുമാനം ആയിട്ടില്ല. അനുമതിക്കുള്ള അപേക്ഷ ഒരു മാസത്തോളം പരിഗണനയില്‍ വച്ച ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.