ചരിത്രത്തിലാദ്യമായി പൂരത്തിനിടെ വടക്കുന്നാഥ ക്ഷേത്രമതില്‍ക്കകത്തു ജനക്കൂട്ടത്തിനു നേരെ ലാത്തിവീശിയ സംഭവത്തിനു പിന്നിലെ പൊലീസ് വീഴ്ചയില്‍ ഉന്നതതല അന്വേഷണത്തിനു സാധ്യത. ദേവസ്വം ഭാരവാഹികളും ജനപ്രതിനിധികളും പൊലീസ്, സര്‍ക്കാര്‍ നേതൃത്വങ്ങളെ കടുത്ത അതൃപ്തി അറിയിച്ചുവെന്നാണു വിവരം. കഴിഞ്ഞ തവണ ഏര്‍പ്പെടുത്തിയതിന്റെ ഇരട്ടിയോളം സേനാംഗങ്ങളെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടും ജനക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാനോ ക്രമസമാധാന പാലനം ഉറപ്പുവരുത്താനോ കഴിയാതിരുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കാന്‍ എളുപ്പമാകില്ല.
അതേസമയം, 4 ദിവസത്തോളം വിശ്രമമില്ലാതെ ജനക്കൂട്ടത്തിനിടെ ഡ്യൂട്ടി നോക്കിയ പൊലീസുകാര്‍ക്കു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വിശ്രമം അനുവദിച്ചില്ലെന്നു വ്യാപക പരാതിയുണ്ട്. ഇതും ഏകോപനത്തില്‍ സംഭവിച്ച പാളിച്ചയായി. സമീപകാല ചരിത്രത്തില്‍ ഏറ്റവുമധികമാളുകള്‍ പങ്കെടുത്ത പൂരങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പൂരമെങ്കിലും തിരക്കു നിയന്ത്രണവും ക്രമസമാധാനപാലനവും ഫലപ്രദമായി നടത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നു. നിയന്ത്രിക്കേണ്ടിടത്തു മാത്രം നിയന്ത്രണമെന്ന നയവും നല്ല പെരുമാറ്റവും പൊലീസിനു കയ്യടി നേടിക്കൊടുത്തിരുന്നു.
ഇത്തവണ അശാസ്ത്രീയവും അമിതവുമായി ബാരിക്കേഡുകള്‍ കെട്ടി ജനത്തെ അനാവശ്യമായി ‘കൈകാര്യം’ ചെയ്യാന്‍ ശ്രമിച്ചതില്‍ നിന്നു തന്നെ പൊലീസ് തലപ്പത്തെ വീഴ്ച പ്രകടമായിത്തുടങ്ങി. കുടമാറ്റം നടക്കുന്നതിനു മണിക്കൂറുകള്‍ മുന്‍പേ തെക്കേഗോപുരനട മുതല്‍ എംഒ റോഡിലെ രാജാവിന്റെ പ്രതിമ വരെയുള്ള ഭാഗം അടച്ചുകെട്ടിയതോടെ ജനക്കുട്ടം തിങ്ങിഞെരുങ്ങി ശ്വാസംമുട്ടി സഞ്ചരിക്കേണ്ടിവന്നു. വെടിക്കെട്ട് മാഗസിനടുത്തു ഭാരവാഹികളെയടക്കം തടയാന്‍ നോക്കിയതോടെ വാക്കേറ്റമുണ്ടായി.
ക്ഷേത്രമതില്‍ക്കകത്തു ജനക്കൂട്ടത്തെ വടംകെട്ടി തടയുന്നതില്‍ സംഭവിച്ച പാളിച്ചയാണു ലാത്തിച്ചാര്‍ജിലേക്കും കുടമാറ്റം വൈകുന്നതിലേക്കും നയിച്ചത്. അടിയും ഇടിയുമേറ്റ ഒട്ടേറെപ്പേര്‍ വേദനയോടെയാണു പൂരപ്പറമ്പു വിട്ടത്. രാത്രിപ്പൂരം നടക്കുന്നതിനിടെ അകാരണമായി സ്വരാജ് റൗണ്ട് ബാരിക്കേഡ് കെട്ടിയടച്ചതും വിചിത്രമായി. പുലര്‍ച്ചെ വെടിക്കെട്ടിനു മുന്‍പുള്ള തയ്യാറെടുപ്പെന്ന നിലയിലാണു 11 മണിക്കുശേഷം സ്വരാജ് റൗണ്ടിന്റെ ചില ഭാഗങ്ങള്‍ അടച്ചത്. വെടിക്കെട്ട് നടന്നതു പുലര്‍ച്ചെ നാലിനു ശേഷമാണ്. പതിവില്‍ നിന്നു വ്യത്യസ്തമായുള്ള ബലംപിടിത്തത്തില്‍ പൊലീസ് സേനയ്ക്കുള്ളിലും ശക്തമായ അമര്‍ഷമുണ്ട്. സാംപിള്‍ വെടിക്കെട്ടിനു ശേഷം വീട്ടിലേക്കു മടങ്ങിയ മുഴുവന്‍ സേനാംഗങ്ങളെയും തിരിച്ചുവിളിച്ച് രാത്രി 12 വരെ ഡ്യൂട്ടി പോയിന്റുകളില്‍ നിര്‍ബന്ധിപ്പിച്ചു നിര്‍ത്തിയ സംഭവമുണ്ടായി. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വിശ്രമം അനുവദിക്കാതിരുന്നതോടെ ഓരോ ദിവസവും മനസ്സും ശരീരവും ചതഞ്ഞ നിലയിലാണു പൊലീസുകാര്‍ ഡ്യൂട്ടിക്കെത്തേണ്ടി വന്നത്.