Wed. Nov 6th, 2024

കൊച്ചി: അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവരെ അഭിനന്ദിച്ച് ഹൈക്കോടതി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് നന്ദിയറിയിച്ചുകൊണ്ടുള്ള കത്തില്‍ കോടതി വ്യക്തമാക്കി. അതേസമയം, ചിന്നക്കനാലിലേക്ക് ആന തിരികെ വരാന്‍ സാധ്യത ഇല്ലേ എന്നും കോടതി ചോദിച്ചു. കേരളാ – തമിഴ്‌നാട് അതിര്‍ത്തി വനമേഖലയിലൂടെയാണ് നിലവില്‍ അരിക്കൊമ്പന്‍ സഞ്ചരിക്കുന്നതെന്നും പത്തോളം സ്ഥലങ്ങളില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിച്ചതായും വനംവകുപ്പ് കോടതിയെ അറിയിച്ചു. റേഡിയോ കോളര്‍ വഴി അരിക്കൊമ്പനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനംവകുപ്പ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നും നഷ്ടമായ സിഗ്നല്‍ ഇന്നു മുതല്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മേഘാവൃതമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനവുമാണെങ്കില്‍ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം