Mon. May 6th, 2024

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാ പിഴവുണ്ടായതായി പരാതി. നവജാത ശിശുവിന്റെ കൈയുടെ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടപ്പെട്ടെന്നും ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 27 നാണ് നെയ്യാറ്റിന്‍കരയിലെ ജനറല്‍ ആശുപത്രിയില്‍ വെച്ച് അവണാകുഴി സ്വദേശി പ്രജിത്തിന്റെ ഭാര്യ കാവ്യയുടെ പ്രസവം നടന്നത്. പ്രസവത്തിനിടെ കുഞ്ഞിന്റെ കൈക്ക് പൊട്ടലുണ്ടായെന്നും ഞരമ്പ് വലിഞ്ഞുപോയെന്നുമാണ് കുടുംബം പരാതിയില്‍ പറയുന്നത്.

ജനിച്ച ശേഷം കുഞ്ഞിന് ഇടത് കൈ അനക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞാല്‍ ശരിയാകുമെന്നാണ് നെയ്യാറ്റിന്‍കരയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞത്. അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയില്‍ കാണിക്കാന്‍ പറഞ്ഞത്. അങ്ങനെ എസ് എ ടി ആശുപത്രിയില്‍ ചികിത്സ തേടി. കുഞ്ഞിനെ പ്രസവത്തിനിടെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് കൈ എല്ല് പൊട്ടാന്‍ കാരണമായതെന്നാണ് ആശുപത്രിയില്‍ നിന്നും പറഞ്ഞത്. നിലവില്‍ എല്ല് പൊട്ടല്‍ ശരിയായെങ്കിലും ഞരമ്പിന്റെ പ്രശ്‌നം മാറിയില്ല. പ്രസവ സമയത്ത് നെയ്യാറ്റിന്‍ കരയിലെ പ്രധാന ഡോക്ടര്‍മാരുണ്ടായിരുന്നില്ലെന്നും ജൂനിയര്‍ ഡോക്ടറും നഴ്‌സുമാരും മാത്രമാണ് പ്രസവ സമയത്ത് ലേബര്‍ മുറിയില്‍ ഉണ്ടായിരുന്നതെന്നും കാവ്യ വിശദീകരിച്ചു. കുടുംബം ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.