Sun. May 5th, 2024

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയില്‍ വച്ചാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഹാസ്യനടനും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുമായ മനോബാല ‘കൊണ്ട്രാല്‍ പാവം’, ഗോസ്റ്റി എന്നീ സിനിമകളിലാണ് ഒടുവില്‍ അഭിനയിച്ചത്. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ അസിസ്റ്റന്റായിട്ടാണ് മനോബാല സിനിമയിലെത്തുന്നത്. ഹിറ്റ് സിനിമകളായ പിള്ളൈ നില, ഉര്‍ൗക്കാവലന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോമഡി റോളുകളിലൂടെയാണ് മനോബാല കൂടുതല്‍ ശ്രദ്ധ നേടിയത്.

പിതാമഗന്‍, ഐസ്, ചന്ദ്രമുഖി, യാരടി നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡ്യന്‍, അരണ്‍മനൈ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ചിരി പടര്‍ത്തി. എഴുനൂറോളം ചിത്രങ്ങളില്‍ മനോബാല വേഷമിട്ടിട്ടുണ്ട്. മനോബാല നിര്‍മ്മിച്ച് എച്ച്.വിനോദ് സംവിധാനം ചെയ്ത ചതുരംഗവേട്ടൈ എന്ന ചിത്രം വന്‍ വിജയമായിരുന്നു. മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങള്‍, അഭിയുടെ കഥ അനുവിന്റെയും, ബിടെക് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിവേക്, വടിവേലു, സന്താനം എന്നിവരോടൊപ്പമുള്ള മനോബാലയുടെ ചിത്രങ്ങള്‍ ഹിറ്റായിരുന്നു. തമിഴിലെ ഹിറ്റ് കോമ്പോ ആയിരുന്നു ഇവര്‍.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.