Mon. Dec 23rd, 2024

ചിന്നക്കനാലില്‍ നിന്ന് പെരിയാറിലേക്ക് കാടുമാറ്റിയ അരിക്കൊമ്പന്റെ കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ നഷ്ടമായ സിഗ്‌നല്‍ രാവിലെയോടെ ലഭിച്ചുതുടങ്ങുകയായിരുന്നു. നിലവില്‍ തമിഴ്‌നാട് അതിര്‍ത്തിക്കടുത്ത് മുല്ലക്കുടിയിലാണ് അരിക്കൊമ്പനുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

അരിക്കൊമ്പനില്‍ ഘടിപ്പിച്ച കോളറില്‍ നിന്ന് സിഗ്‌നല്‍ നഷ്ടപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ജനവാസ മേഖലയിലേക്ക് ആന ഇറങ്ങിയോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു. എന്നാല്‍ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ പുനഃസ്ഥാപിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി. മൂന്ന് ദിവസം കൊണ്ട് 20 കിലോ മീറ്ററോളം ആന സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം.

കേരള തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ മാവടിയിലാണ് സിഗ്‌നല്‍ നഷ്ടപ്പെടുന്ന സമയത്ത് അരിക്കൊമ്പനില്‍ ഘടിപ്പിച്ച കോളറില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചത്. തുടര്‍ന്ന് തമിഴ്‌നാടിലെ മാവടിയില്‍ അരിക്കൊമ്പന്‍ ഉണ്ടാകാം എന്ന വിലയിരുത്തലിലായിരുന്നു വനംവകുപ്പ്.

കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ ഇടുക്കിയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. ഇതാകാം സിഗ്‌നല്‍ നഷ്ടമാകാന്‍ കാരണമന്നാണ് കരുതുന്നത്. അല്ലെങ്കില്‍, ഉള്‍ക്കാട്ടിലേക്ക് അരിക്കൊമ്പന്‍ കയറിയിട്ടുണ്ടെങ്കില്‍ സിഗ്‌നല്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്. സിഗ്‌നല്‍ നഷ്ടപ്പെട്ടതിന് പിന്നാലെ രണ്ട് ടീമുകളായി തിരിഞ്ഞ് വനംവകുപ്പ് തിരച്ചിലും ആരംഭിച്ചിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.