Thu. May 2nd, 2024

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെതിരെ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാന്‍ മന്ത്രി ശ്രമിക്കുന്നുവെന്നാണ് ആരോപണം. പരാതിയെ കുറിച്ചന്വേഷിക്കാന്‍ സമിതി രൂപീകരിച്ചത് ഗൂഢോദ്ദേശ്യത്തോടെയെന്നും ഗുസ്തി താരങ്ങള്‍ ആരോപിച്ചു.

ബ്രിജ് ഭൂഷണെതിരായ കേസില്‍ ദില്ലി പൊലീസ് ഇതുവരെ പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. ഭൂഷണ്‍ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നാണ് താരങ്ങള്‍ പറയുന്നത്. ലൈംഗിക പീഡന പരാതി ആദ്യമെന്ന ഭൂഷന്റെ വാദവും താരങ്ങള്‍ തള്ളി. 2012 ല്‍ ലക്‌നൗ ക്യാമ്പിലെ അതിക്രമ പരാതി പൊലീസ് അവഗണിച്ചെന്നും പ്രതിഷേധിക്കുന്ന താരങ്ങള്‍ പറഞ്ഞു.

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന രാപ്പകല്‍ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ ദില്ലി പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്തിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് താരങ്ങള്‍. താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ജന്തര്‍ മന്തറില്‍ എത്തിയിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു രാജ്യവ്യാപക പ്രതിഷേധം നടത്തും. അതേസമയം സമരം ചെയ്യുന്ന താരങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഉള്‍പ്പെടെയുള്ള വാദങ്ങള്‍ ഉന്നയിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷന്റെ ശ്രമം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.