Mon. Dec 23rd, 2024

കിണറ്റില്‍ വീണ് കരടി ചത്ത സംഭവത്തിന് ശേഷവും വെള്ളനാട് പ്രദേശത്ത് വീണ്ടും കരടിയിറങ്ങിയായി സംശയം. പ്രദേശത്തെ ഒരു വീട്ടിലെ 14 കോഴികളെ കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇവയുടെ അസ്ഥി മാത്രമാണ് ലഭിച്ചത്. കോഴിക്കൂടിന് സമീപമായി കണ്ട വലിയ കാല്‍പാടുകള്‍ കരടിയുടേതാണെന്ന സംശയത്തിലാണ് നാട്ടുകാരും വനംവകുപ്പും. തുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. കൂടാതെ രാത്രികാലങ്ങളില്‍ വനംവകുപ്പിന്റെ പ്രത്യേക പരിശോധനയും നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കരടിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. നാട്ടില്‍ കരടിയിറങ്ങിയതായി സാമൂഹികമാധ്യമങ്ങളിലും പ്രചാരണമുണ്ട്. കരടിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളുടെ ചിത്രങ്ങള്‍ പ്രത്യേക പരിശോധനക്കായി പെരിയാര്‍ കടുവ സങ്കേതം ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.