Mon. Dec 23rd, 2024

ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേര്‍ക്കാനാവില്ലെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരെ ഹൈക്കോടതിയില്‍ പോകാന്‍ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഈ വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കാന്‍ ഹര്‍ജിക്കാരനോട് ജസ്റ്റിസ് കെ എം ജോസഫ് നിര്‍ദ്ദേശിച്ചു. സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

അതേസമയം സിനിമയുടെ പ്രദര്‍ശനം കേരളത്തില്‍ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഐഎസ് സ്വാധീനം കേരളത്തില്‍ ശക്തമാണ്. സിനിമയെ സിനിമയായി കാണണമമെന്നും ദി കേരള സ്റ്റോറി കാണേണ്ടവര്‍ കാണട്ടെ എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റോറി സിനിമയാണെന്നും ചരിത്രപുസ്തകമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘സിനിമയെ ആ നിലയില്‍ കാണണം. എന്തിനാണിത്ര വേവലാതി. ക്രിസ്ത്യാനികളെ ആക്രമിക്കുന്ന നാടകത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുമതി കൊടുക്കുന്നവരാണ് കേരള സ്റ്റോറിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.