ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിലും ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതല്‍പര്യ ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജി പരിഗണിച്ച കോടതി അടിയന്തര സ്റ്റേ എന്ന ആവശ്യം തള്ളി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് വിശദീകരണം തേടിയ ഡിവിഷന്‍ ബെഞ്ച്, ഹര്‍ജി പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്ക് മാറ്റി. സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളതെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സിനിമയിലെ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ എല്ലാം നീക്കം ചെയ്യണം, സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി റദ്ദാക്കണമെന്നതടക്കമാണ് ഹര്‍ജിയിലെ ആവശ്യം. സിനിമക്ക് സെന്‍സര്‍ ബോര്‍ഡിന്റെ സൂക്ഷ്മ പരിശോധന ആവശ്യമാണ്. ടീസറിലെ പല ഭാഗങ്ങളും കേരളത്തെ അപകീര്‍ത്തിപെടുത്തുന്ന രീതിയിലുള്ളതാണെന്നും നിലവില്‍ 10 രംഗങ്ങള്‍ മാത്രമെ സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിട്ടുള്ളൂവെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.
ടീസറിലെ പരാമര്‍ശങ്ങള്‍ സിനിമയുടെ പൂര്‍ണ്ണമായ ഉദ്ദേശമായി കണക്കാക്കാനാക്കുമോയെന്ന് ചോദിച്ച കോടതി, ടീസര്‍ മാത്രമല്ലേ കണ്ടിട്ടുള്ളൂവെന്നും സിനിമ കണ്ടിട്ടില്ലല്ലോയെന്നും ഹര്‍ജിക്കാരനോട് കോടതി ആരാഞ്ഞു. ടീസറിനെതിരെയാണ് ആരോപണമെന്നും ചിത്രത്തിനെതിരെ ഹര്‍ജിക്കാരന്‍ ആരോപണം ഉന്നയിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചിത്രം കണ്ടിട്ടില്ലെന്നത് ഹര്‍ജിക്കാരന്‍ സമ്മതിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
വിവാദങ്ങള്‍ക്കിടെ ദ കേരള സ്റ്റോറി സിനിമയുടെ യൂടൂബ് വിവരണം അണിയറ പ്രവര്‍ത്തകര്‍ തിരുത്തി. മുപ്പത്തിരണ്ടായിരം യുവതികള്‍ കേരളത്തില്‍ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നല്‍കുന്ന വാചകം ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പില്‍ നിന്ന് ഒഴിവാക്കി. കേരളത്തിലെ മൂന്നു പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥ എന്നാണ് പുതിയ വിവരണത്തില്‍ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പായി നല്‍കിയിരുന്നത്.