Wed. Nov 6th, 2024

വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ട്രെയിനുകള്‍ക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം റെയില്‍വേക്കാണെന്നും ഇതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്റേതാണ് ഉത്തരവ്.

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ലാത്തതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഇത് ഒരു തരത്തിലും നീതികരിക്കാനാവില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം മലപ്പുറം തിരുന്നാവായയില്‍ വന്ദേഭാരത് ട്രെയിനിനെതിരെ കല്ലേറുണ്ടായതും വലിയ വാര്‍ത്തയായിരുന്നു. കാസര്‍കോട് – തിരുവനന്തപുരം സര്‍വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ട്രെയിന്‍ തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടത്.

ആര്‍പിഎഫും പൊലീസും അന്വേഷണം ആരംഭിച്ചു. ആര്‍പിഎഫ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ലോക്കല്‍ പൊലീസിന് വിവരം കൈമാറിയെന്നും റെയില്‍വെ അറിയിച്ചു. ഷൊര്‍ണൂരില്‍ പ്രാഥമിക പരിശോധന നടത്തി. ഗ്ലാസില്‍ ചെറിയ പാടുണ്ട് എന്നല്ലാതെ ഒന്നും പറ്റിയിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു. വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും അറിയിപ്പുണ്ട്. ഏപ്രില്‍ 25 നായിരുന്നു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.