Mon. Dec 23rd, 2024

ഡല്‍ഹി: വധശിക്ഷ നടപ്പാക്കാന്‍ തൂക്കിലേറ്റുന്ന രീതി തന്നെ വേണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ തൂക്കിക്കൊല്ലുന്ന നിലവിലെ സമ്പ്രദായം നിര്‍ത്തലാക്കണമെന്നും പകരം മറ്റ് രീതികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇന്ത്യയിലെ തൂക്കിലേറ്റുന്ന പ്രക്രിയ തികച്ചും ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജസ്റ്റിസ്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വധശിക്ഷയ്ക്ക് വേദനയില്ലാത്ത മറ്റെന്തെങ്കിലും രീതി സംബന്ധിച്ചുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്തതായി അറ്റോര്‍ണി ജനറല്‍ ബെഞ്ചിനെ അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം