Sun. Dec 22nd, 2024

എന്‍ സി പി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ശരദ് പവാര്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. സുപ്രിയ സുലെ പുതിയ അധ്യക്ഷ ആകുമെന്നാണ് വിവരം. എന്‍സിപിക്കുള്ളില്‍ ആഭ്യന്തര ഭിന്നത നിലനില്‍ക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യല്‍ ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ എന്‍സിപി അധ്യക്ഷസ്ഥാനം താന്‍ ഒഴിയുകയാണ് എന്ന് ശരദ് പവാര്‍ വ്യക്തമാക്കിയത്.

ഇന്ന് തന്നെ സ്ഥാനത്ത് നിന്ന് നീങ്ങുമെന്ന തരത്തിലാണ് ശരദ് പവാറിന്റെ പ്രതികരണം. പ്രഖ്യാപന ഘട്ടത്തില്‍ തന്നെ സദസ്സിലും വേദിയിലുമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ശരദ് പവാറിനെ സമീപിക്കുകയും തീരുമാനത്തില്‍ നിന്ന് പിന്മാറണം എന്ന നിര്‍ദ്ദേശിച്ചു. തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ പവാറിന് മുന്നില്‍ പാര്‍ട്ടി നേതാക്കളും സമ്മര്‍ദം ചെലുത്തുന്നുണ്ട്.

അധ്യക്ഷ സ്ഥാനമൊഴിയുമെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്ന് പവാര്‍ വിട്ടുനില്‍ക്കില്ല. പുതിയ അധ്യക്ഷ സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കാന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും പവാര്‍ പറഞ്ഞു. സമിതിയില്‍ സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ജയന്ത് പാട്ടീല്‍, അനില്‍ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗന്‍ ഭുജ്ബല്‍ തുടങ്ങിയ മുതിര്‍ന്ന അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.