Tue. Nov 5th, 2024

കീവ്: റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ കഴിഞ്ഞ നാല് മാസത്തിനിടെ 20,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്കയുടെ റിപ്പോര്‍ട്ട്. യുദ്ധത്തില്‍ റഷ്യയ്ക്കുണ്ടായ നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യുക്രെയ്ന്റെ കിഴക്കന്‍ മേഖലയായ ബഖ്മുത് കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരുന്ന റഷ്യന്‍ സൈനികരാണ് കൊല്ലപ്പെട്ടവരില്‍ പകുതിയിലധികമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ബഖ്മുത് പിടിച്ചെടുക്കാനുള്ള നീക്കം റഷ്യ ശക്തമാക്കിയതിന് പിന്നാലെയാണ് ഇത്രയധികം പട്ടാളക്കാരെ നഷ്ടമായത്. യുക്രെയ്ന്റെ പടിഞ്ഞാറന്‍ മേഖലയിലെ റഷ്യന്‍ സൈനികരെ ഇല്ലാതാക്കി റഷ്യയുടെ കരുതല്‍ ശേഖരങ്ങള്‍ നശിപ്പിക്കാനാണ് യുക്രെയ്ന്‍ ലക്ഷ്യമിടുന്നത്. തന്ത്രപരവും പ്രധാനപ്പെട്ടതുമായ ഒരു പ്രദേശവും പിടിച്ചെടുക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ജോണ്‍ കിര്‍ബി ചൂണ്ടിക്കാട്ടി . ഇതിനോടകം റഷ്യയുടെ ഒരു ലക്ഷം സൈനികര്‍ക്കെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അതേസമയം, യുക്രെയ്ന്‍ യുദ്ധത്തിലെ ഇരകളായതിനാല്‍ അവരുടെ നഷ്ടങ്ങളുടെ കണക്ക് പുറത്തുവിടില്ലെന്നും അമേരിക്ക വ്യക്തമാക്കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം