Sun. Dec 22nd, 2024

ഡല്‍ഹി: ബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ചതിനെതിരെ ബില്‍കീസ് ബാനു സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സപ്രീംകോടതി പരിഗണിക്കും. പ്രതികളെ വെറുതെ വിട്ടതിന്റെ കാരണങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇന്ന് ബോധിപ്പിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. കുറ്റവാളികളെ വിട്ടയക്കാന്‍ തീരുമാനമെടുത്തതിന്റെ മുഴുവന്‍ രേഖകളും കോടതിയില്‍ ഇന്ന് ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ ഗുജറാത്ത് സര്‍ക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതികളെ വിട്ടയക്കുമ്പോള്‍ കുറ്റകൃത്യത്തിന്റെ ഗൗരവം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കേണ്ടതായിരുന്നുവെന്ന് കോടതി പറഞ്ഞു. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിരവധി പേര്‍ മോചനമില്ലാതെ ജയിലുകളില്‍ കഴിയുമ്പോള്‍ ബില്‍കീസ് ബാനു കേസിലെ 11കുറ്റവാളികളെ ശിക്ഷ കാലാവധി കഴിയും മുമ്പേ വിട്ടയച്ചത് ഏകീകൃത മാനദണ്ഡം അടിസ്ഥാനമാക്കിയാണോ എന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചിരുന്നു. സര്‍ക്കാര്‍ കാരണം വ്യക്തമാക്കിയില്ലെങ്കില്‍ കോടതി സ്വന്തം നിഗമനങ്ങളില്‍ എത്തിച്ചേരുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം