Mon. Dec 23rd, 2024

കെല്‍ട്രോണിനേയും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും എഐ. ക്യാമറയില്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കമ്പനികള്‍ക്കൊന്നും മതിയായ യോഗ്യത ഇല്ല എന്നതായിരുന്നു തുടക്കം മുതല്‍ തന്നെ പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിന് ബലമേകുന്ന കൂടുതല്‍ രേഖകളാണ് ചെന്നിത്തല പുറത്തുവിട്ടത്.

‘നൂറ് കോടി രൂപ വേണ്ടി വരുന്ന എഐ ക്യാമറ പദ്ധതി 232 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ ചെയ്തത്. 132 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. എന്നാല്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് പുകമറ സൃഷ്ടിക്കാനാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

‘പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. വ്യവസായമന്ത്രി കെല്‍ട്രോണിനെ വെള്ളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണ് ഉണ്ടായത്. ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാനാകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. കെല്‍ട്രോണിന്റെ രേഖകള്‍ പരിശോധിച്ചാല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് മനസ്സിലാകും. പ്രധാനപ്പെട്ട പല രേഖകളും മറച്ച് പൊതുയിടത്തിലുള്ള രേഖകളാണ് കെല്‍ട്രോണ്‍ വിശദീകരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

പത്ത് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് ടെന്‍ഡറില്‍ പങ്കെടുക്കേണ്ട കമ്പനിക്ക് വേണ്ടത്. എന്നാല്‍ കെല്‍ട്രോണ്‍ വിളിച്ച ടെന്‍ഡറില്‍ പങ്കെടുത്ത അക്ഷര എന്റര്‍പ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തത് 2017-ലാണെന്നും ചെന്നിത്തല ആരോപിച്ചു. ഈ കമ്പനിക്ക് എങ്ങനെയാണ് പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയം അവകാശപ്പെടാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴും പല രേഖകളും കെല്‍ട്രോള്‍ മറച്ചുവെക്കുന്നുവെന്ന് ടെക്‌നിക്കല്‍ ഇവാല്യുവേഷന്‍ സമ്മറി റിപ്പോര്‍ട്ട്, ഫിനാന്‍ഷ്യല്‍ ബിഡ് ഇവാല്യുവേഷന്‍ സമ്മറി റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടുകൊണ്ട് ഇവ തട്ടിക്കൂട്ട് റിപ്പോര്‍ട്ടുകളാണെന്നും സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചുവെച്ച സുപ്രധാന രേഖയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.