Mon. Dec 23rd, 2024

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് ഹര്‍ജി പിൻവലിക്കുന്നതായി സുപ്രീം കോടതിയെ അറിയിച്ചത്. ഇഡി കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ഹർജി പിൻവലിച്ചത്.

ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്പെഷല്‍ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഹർജി പരിഗണിച്ചത്. മദ്യനയ കേസിൽ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ ഹര്‍ജി പരിഗണിച്ചിരുന്നില്ല. ഹര്‍ജിയുമായി വിചാരണ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. പിന്നാലെയാണ് കെജ്‌രിവാള്‍ ഹര്‍ജി പിന്‍വലിച്ചത്.

ഇന്നലെയാണ് ഇഡി സംഘം കെ​​ജ്​​​രി​​വാ​​ളിനെ വീട്ടിലെ​​ത്തി ​അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കെജ്‌രിവാളിനെ ഇന്ന് ഉച്ചയ്ക്ക് ഡല്‍ഹി റോസ് അവന്യു കോടതിയല്‍ ഹാജരാക്കും.

കെ​​ജ്​​​രി​​വാ​​ളിന്‍റെ അറസ്റ്റിന് പിന്നാലെ എഎപി വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ മുന്നണി നേതാക്കള്‍ രംഗത്തെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കെ‌ജ്‌രിവാളിന്‍റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ഇന്ന് കാണും.