Tue. Sep 10th, 2024

ചെന്നൈ: സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഡിഎംകെ നേതാവ് കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആർ എൻ രവി. ഇന്ന് വൈകിട്ട് 3.30 ന് രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ.

അനധികൃത സ്വത്ത് സമ്പാദന കേസിനെ തുടര്‍ന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പൊന്മുടിക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. പിന്നീട് കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ശുപാര്‍ശ ചെയ്തിട്ടും ഗവര്‍ണര്‍ തയ്യാറായില്ല. തുടര്‍ന്ന്‍ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

കേസ് പരിഗണിച്ച കോടതി ഗവർണർക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർത്തിയത്. ഗവർണർ സുപ്രീം കോടതിയെ ധിക്കരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗവര്‍ണറോട് നിര്‍ദേശിച്ചു. ഗവർണർ നടപടി എടുത്തില്ലെങ്കിൽ കോടതി ഇടപെട്ട് മന്ത്രിയെ തിരിച്ചെടുക്കുന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.

കേസ് സ്റ്റേ ചെയ്യുക മാത്രമാണ് കോടതി ചെയ്തതെന്നും കുറ്റവിമുക്തനാക്കിയിട്ടില്ലെന്നുമായിരുന്നു പൊന്മുടിയുടെ മന്ത്രിസ്ഥാനം നിഷേധിക്കാൻ ഗവർണർ ഉന്നയിച്ചിരുന്ന കാരണം.