Sun. Apr 28th, 2024

തൃശൂർ: ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതീയമായി അധിക്ഷേപിച്ച സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. തൃശൂര്‍ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയും ചേര്‍ന്ന് ഈ വിഷയത്തെക്കുറിച്ച് പഠിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗമായ വി കെ ബീന കുമാരി ആവശ്യപ്പെട്ടത്.

ഈ വിഷയത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാട സ്വാമിയും പരാതി അറിയിച്ചിരുന്നു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞു. രാമകൃഷ്ണന് സൗന്ദര്യമില്ലെന്നും പെറ്റ തള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ അഭിമുഖത്തിൽ പറയുന്നുണ്ട്. കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തെ തുടർന്ന് ആർഎൽവി രാമകൃഷ്ണൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.