Fri. Nov 22nd, 2024

ഞങ്ങള്‍ക്ക് വ്യക്തിപരമായി ആശ വര്‍ക്കര്‍ ആയതിനു ശേഷം നല്ല ധൈര്യവും ആത്മവിശ്വാസവും ഒക്കെ ലഭിച്ചിട്ടുണ്ട്. അത് ഒരു നേട്ടമാണ്. എന്ത് നേട്ടം ഉണ്ടായാലും സാമ്പത്തികമാണ് പ്രധാനം. ഈ വിലക്കയറ്റത്തിന്റെ കാലത്ത് എങ്ങനെയാണ് പൈസ ഇല്ലാതെ ജീവിക്കുക

ശ വര്‍ക്കര്‍ എന്ന ജോലി സ്ത്രീകള്‍ക്ക് ആകെ നല്‍കിയിരിക്കുന്നത് സാമൂഹ്യ മൂലധനമാണ്. സാമ്പത്തിക പരാധീനതകളും അവഗണനകളും മാറ്റിനിര്‍ത്തലും ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം ഉണ്ടെങ്കിലും വോക്ക് മലയാളത്തോട് സംസാരിച്ച ആശമാരില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്നും ഈ തൊഴിലെടുക്കാന്‍ സന്തോഷമേ ഉള്ളൂ. അതിന് പ്രധാന കാരണമായി പറയുന്നത് ജനങ്ങള്‍ നല്‍കുന്ന അംഗീകാരമാണ്. പല വീടുകളിലും ആശമാര്‍ക്ക് വേണ്ടി കാത്തിരിക്കുന്ന ആളുകളുണ്ട്. പല വീടുകളിലെയും ആഘോഷങ്ങള്‍ക്ക് ആശമാര്‍ ഒഴിച്ചുകൂടാത്തവരാണ്.

ഇതുമാത്രമല്ല, ആശ വര്‍ക്കര്‍ എന്ന ജോലിയിലൂടെ ആര്‍ജിച്ചെടുത്ത വ്യക്തി വികസനവും സ്വാതന്ത്രവും ആശമാരെ ഈ തൊഴിലില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നുണ്ട്. വീടകങ്ങളില്‍ കുടുങ്ങികിടന്നിരുന്ന സ്ത്രീകള്‍ക്ക് പുറംലോകത്തേയ്ക്കുള്ള പാലമായിരുന്നു ആശ വര്‍ക്കര്‍ എന്ന ജോലി. ഇന്ന് ഒരു വാര്‍ഡിലെ എല്ലാ മനുഷ്യരുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒറ്റക്ക് കൈകാര്യം ചെയ്യുന്ന വ്യക്തികളായി വികാസം പ്രാപിക്കാന്‍ ഓരോ സ്ത്രീയ്ക്കും കഴിഞ്ഞിട്ടുണ്ട്.

ക്രൈസിസ് മാനേജ്‌മെന്റ്‌റ് എങ്ങനെ ഭംഗിയായി കൈകാര്യം ചെയ്യാം എന്നത് ഓരോ ആശയും പറഞ്ഞു തരും. പ്രളയവും കൊവിഡും നേരിട്ട ആശയ്ക്ക് ഇന്ന് പ്രതിസന്ധികള്‍ ഒന്നുമല്ല. വളരെ ലാഘവത്തോടെ അവര്‍ പ്രതിസന്ധികളെ കൈകാര്യം ചെയ്യും. ഞങ്ങള്‍ പണിനിര്‍ത്തിയാല്‍ ആരോഗ്യ മേഖല തകര്‍ന്നുപോകും എന്ന് ആശമാര്‍ പറയുന്നതും അതുകൊണ്ടാണ്.

വാര്‍ഡില്‍ എല്ലാവര്‍ക്കും പരിചയമുള്ള വ്യക്തിയായി മാറിയതും ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനവും ആശമാരെ രാഷ്ട്രീയ രംഗത്തേയ്ക്കും എത്തിച്ചും. ആശമാരില്‍ നിന്ന് നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും പഞ്ചായത്ത് പ്രതിനിധികളും ഉണ്ടായിട്ടുണ്ട്. ആശ എന്ന നിലയിലെ പ്രവര്‍ത്തന പരിചയം രാഷ്ട്രീയ മേഖലയിലും സഹായം ചെയ്തുവെന്ന് ആശമാര്‍ തന്നെ പറയുന്നുണ്ട്.

ആശ വര്‍ക്കര്‍ Screen grab @ Copyright PSI

ആശമാര്‍ ഓരോ വീടുകളിലും കയറി ഇറങ്ങി ആരോഗ്യത്തെ കുറിച്ച് നടത്തുന്ന ബോധവല്‍ക്കരണം നേരിട്ട് ബോധ്യപ്പെട്ടതാണ്. ജനങ്ങള്‍ പ്രാധ്യാനത്തോടെ കേള്‍ക്കുന്നുമുണ്ട്. വര്‍ഷങ്ങളായുള്ള ആശമാരുടെ ബോധവല്‍ക്കരണം കൂടി കൊണ്ടാണ് ഇന്ന് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണം. പ്രസവങ്ങള്‍ക്കും കുത്തിവെയ്പ്പുകള്‍ക്കും മറ്റ് അസുഖങ്ങള്‍ക്കും ജനം സര്‍ക്കാര്‍ ആശുപത്രികളെ വിശ്വസിക്കാന്‍ കാരണം ആശമാര്‍ നല്‍കുന്ന ഉറപ്പാണ്.

”നേരത്തെ വീട്ടില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ എല്ലാ പരിപാടികള്‍ക്കും പോകും. ആര് എന്ത് കാര്യത്തിനും ആദ്യം സമീപിക്കുന്നത് എന്നെയാണ്. പോലീസുകാരും പോസ്റ്റ്മാനും ഒക്കെ അഡ്രസിനു വേണ്ടി നമ്മളെയാണ് സമീപിക്കുന്നത്. പണ്ടൊക്കെ ഒരാളോട് ഒരു കാര്യം പറയുമ്പോള്‍ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു. ഇപ്പൊ ശരിയല്ലാത്ത കാര്യങ്ങള്‍ ശരിയല്ല എന്ന് പറയാനുള്ള ധൈര്യം കിട്ടി. നേരത്തെ ഭര്‍ത്താവും മക്കളും പറയുന്ന കാര്യങ്ങള്‍ ശരിയാണ് എന്ന ചിന്ത ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ശരിയല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ അത് അങ്ങനെയല്ല നിങ്ങള്‍ പറയുന്നത് തെറ്റാണ് എന്ന് പറയാന്‍ കഴിയുന്നുണ്ട്. ഓരോ വീടുകളിലും എനിക്ക് വേണ്ടി കാത്തുനില്‍ക്കുന്ന ആളുകളുണ്ട്. എന്നെ കാണുമ്പോള്‍ തന്നെ ഗേറ്റ് തുറന്നിട്ട് അകത്തേക്ക് വിളിക്കുന്നവരും ഉണ്ട്. ‘, മുളവുകാട് പഞ്ചായത്തിലെ ആശ വര്‍ക്കര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

”ഓരോ വീട്ടിലും വീട്ടില്‍ ഏതു സമയത്തും എപ്പോള്‍ വേണമെങ്കിലും കയറി ചെല്ലാന്‍ കഴിയും എന്ന സന്തോഷമുണ്ട് ഞങ്ങള്‍ക്ക്. ജനങ്ങളുടെ ഏത് ചെറിയ കാര്യങ്ങളും ഞങ്ങള്‍ക്ക് ചെയ്ത് കൊടുക്കാന്‍ കഴിയും. ഫീല്‍ഡില്‍ പോകാന്‍ തുടങ്ങിയതിനു ശേഷം ഞങ്ങളുടെ വ്യക്തിത്വത്തിന് ഒരുപാട് വികസനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുറത്തിറങ്ങി ആളുകളോട് സംസാരിക്കാനുള്ള കഴിവു കിട്ടി. പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള ആര്‍ജവമൊക്കെ കിട്ടിയത് ആശ വര്‍ക്കര്‍ ആയതിന് ശേഷമാണ്. ആളുകളുടെ അംഗീകാരം ഞങ്ങള്‍ക്ക് കിട്ടി. വാര്‍ഡ് മെമ്പര്‍ ആകാനുള്ള കഴിവ് ആര്‍ജിച്ചത് ആശ വര്‍ക്കര്‍ ആയതിന് ശേഷമാണ്. ആളുകളുമായി ഇടപഴകാനും സംസാരിക്കാനും ബന്ധങ്ങള്‍ ഉണ്ടായതൊക്കെ ആശ വര്‍ക്കര്‍ ആയതിന് ശേഷമാണ്. അവിടെ ഞങ്ങള്‍ രാഷ്ട്രീയം വെച്ച് പ്രവര്‍ത്തിക്കാറില്ല. എല്ലാ ആളുകള്‍ക്ക് ഒരേപോലെ ഞങ്ങള്‍ സേവനം എത്തിക്കും. പള്ളിപ്പുറം പഞ്ചായത്തിലെ ആശ വര്‍ക്കറും ഏഴാം വാര്‍ഡിലെ മെമ്പറുമായ ഷീല ഗോപി പറഞ്ഞു.

”ആരുമായും സഹകരണം ഇല്ലാതെ ഒരു ആകെ ഒറ്റപ്പെട്ട വീടായിരുന്നു എന്റേത്. ഇപ്പോള്‍ മിനി രമേശന്റെ വീട് ഏതാണെന്ന് പറഞ്ഞാല്‍ മതി. എല്ലാവര്‍ക്കും അറിയാം. ജംങ്ങ്ഷനില്‍ വന്ന് ചോദിച്ചാല്‍, വാ കാണിച്ചു തരാം എന്ന് ആരും പറയും. അത്രത്തോളം നമ്മള്‍ വലുതായി.”, പള്ളിപ്പുറം പഞ്ചായത്തിലെ ആശ വര്‍ക്കറായ മിനി പറഞ്ഞു.

”ഞങ്ങള്‍ക്ക് വ്യക്തിപരമായി ആശ വര്‍ക്കര്‍ ആയതിനു ശേഷം നല്ല ധൈര്യവും ആത്മവിശ്വാസവും ഒക്കെ ലഭിച്ചിട്ടുണ്ട്. അത് ഒരു നേട്ടമാണ്. എന്ത് നേട്ടം ഉണ്ടായാലും സാമ്പത്തികമാണ് പ്രധാനം. ഈ വിലക്കയറ്റത്തിന്റെ കാലത്ത് എങ്ങനെയാണ് പൈസ ഇല്ലാതെ ജീവിക്കുക. ആകെ ഉള്ള ഒരാശ്വാസം ഞങ്ങളെ കാത്തിരിക്കുന്നവര്‍ ഉണ്ട് എന്നതാണ്. കിടപ്പ് രോഗികള്‍, ഒറ്റയ്ക്ക് താമസിക്കുന്നവര്‍, മക്കളൊക്കെ ജോലിക്ക് പോകുന്നവര്‍. ഇവര്‍ക്ക് ഞങ്ങള്‍ ചെല്ലുന്നത് ഭയങ്കര സന്തോഷമാണ്.”, എളംങ്കുന്നപ്പുഴ പഞ്ചായത്തിലെ ആശ വര്‍ക്കര്‍ പറഞ്ഞു.

ആശ വര്‍ക്കര്‍ Screen grab @ Copyright Civil Society

”ഞാന്‍ വാര്‍ഡ് മെമ്പര്‍ ആയിരുന്നു. ആശ എന്ന നിലയില്‍ പ്രവര്‍ത്തിച്ചത് കൊണ്ടാണ് എനിക്ക് വിജയിക്കാന്‍ പറ്റിയത്. ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ പറ്റിയില്ലെങ്കിലും 10 വോട്ടിനാണ് ജയിച്ചത്. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും മെമ്പര്‍ എന്ന നിലയിലും ആശ എന്ന നിലയിലും ഞാന്‍ ഇപ്പോഴും ആ വാര്‍ഡില്‍ സജീവമാണ്. എന്നെ ഇപ്പോഴും ആളുകള്‍ മെമ്പറേ എന്നാണ് വിളിക്കുന്നത്. അത് ഭയങ്കര സന്തോഷം ആണ്. തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് കിട്ടിയ ഭാഗ്യമാണ്. ഇപ്പോഴും ആളുകള്‍ ഓരോ കാര്യങ്ങള്‍ക്ക് എന്നെ വിളിക്കുന്നുണ്ട്.”, ചെല്ലാനം പഞ്ചായത്തിലെ ആശ വര്‍ക്കര്‍ അനിത ബാബു പറഞ്ഞു.

”ഞങ്ങളുടെ കുടുംബത്തില്‍ ഒരുപാട് പ്രശ്‌നം ഉണ്ട്. ആശ വര്‍ക്കര്‍ ആയി ജോലി നോക്കുമ്പോള്‍ ആ പ്രശങ്ങള്‍ എല്ലാം മറക്കും. കൂടുതല്‍ സമയം എന്‍ഗേജിംഗ് ആയിരിക്കാന്‍ കഴിയുന്നുണ്ട്. രാത്രി വീട്ടില്‍ എത്തിയാലേ കുടുംബത്തിലെ പ്രശ്‌നത്തെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. ആശ വര്‍ക്കര്‍ ആയതിനു ശേഷം ഒരുപാട് ആളുകളുമായി ബന്ധങ്ങള്‍ ഉണ്ടായി. അതൊരു സന്തോഷമാണ്. സാധാരണ ഒരു വീട്ടമ്മ ആയി ജീവിക്കാണെങ്കില്‍ ഇതൊന്നും പറ്റില്ലായിരുന്നു. ഒരുപാട് സേവനവും ചെയ്യാന്‍ പറ്റി.”, മട്ടാഞ്ചേരി ഡിവിഷനിലെ ആശ വര്‍ക്കര്‍ മെഹറുന്നീസ വോക്ക് മലയാളത്തോട് പറഞ്ഞു.

”തുടക്കത്തില്‍ ഉണ്ടായിരുന്ന മേരിക്കുട്ടി സിസ്റ്ററും കൃഷ്ണമ്മ സിസ്റ്ററും ആണ് ഞങ്ങളെ എല്ലാം പഠിപ്പിച്ചത്. ആശ ആയ സമയത്ത് ഞങ്ങള്‍ക്ക് ഒന്നം ചെയ്യാന്‍ അറിയില്ലായിരുന്നു. ഇന്ന് ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരായി മാറിയത് ഈ രണ്ടു സിസ്റ്റര്‍മാര്‍ കാരണമാണ്.”, മട്ടാഞ്ചേരി ഡിവിഷനിലെ ആശ വര്‍ക്കര്‍ സുല്‍ഫത്ത് പറഞ്ഞു.

”ആശ വര്‍ക്കര്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പോകുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കുത്തിവെപ്പുകള്‍ക്ക് ആരും പ്രൈവറ്റ് ആശുപത്രികളില്‍ പോകുന്നില്ല. സര്‍ക്കാറിലേ പോകൂ. പ്രസവത്തിനും ആളുകള്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് പോകുന്നത്. ഒരു കുട്ടി പോലും വാക്‌സിനുകള്‍ എടുക്കാതിരിക്കില്ല. സമയത്തിന് ഞങ്ങള്‍ ഓര്‍മിപ്പിച്ചു കുത്തിവയ്‌പ്പെടുക്കാന്‍ കൊണ്ടുപോകും.”, ചെല്ലാനം പഞ്ചായത്തിലെ ഒരു ആശ വര്‍ക്കര്‍ പറഞ്ഞു.

ആശ വര്‍ക്കര്‍ Screen grab @ Copyright The Hindu, Special Arrangement

”ആശുപത്രികളില്‍ പോകുമ്പോള്‍ ആശ വര്‍ക്കര്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം എന്ന ഒരു അഭ്യര്‍ത്ഥനയുണ്ട്. ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു, നിങ്ങള്‍ ഒരിക്കലും ഈ ജോലി വിട്ടുപോകരുത് ഒരിക്കല്‍ നിങ്ങളെ സ്ഥിരപ്പെടുത്തും എന്ന്. ആ ഒരു പ്രതീക്ഷയില്‍ ആണ് ഇത്രകാലം കാത്തിരുന്നത്. കിട്ടാത്ത മുന്തിരിയ്ക്ക് കാത്തുനില്‍ക്കാണ് ഞങ്ങളിപ്പോ.”, ചെല്ലാനം പഞ്ചായത്തിലെ മറ്റൊരു ആശ വര്‍ക്കര്‍ പറഞ്ഞു.

24 മണിക്കൂറും ജോലിയാണ്, കിട്ടുന്ന പൈസ ചെരുപ്പ് വാങ്ങാന്‍ പോലും തികയുന്നില്ല, നടന്ന് നടന്ന് ഞങ്ങളുടെ ജീവിതം തീരും, അടിമകളായാണ് ഞങ്ങളെ ഉദ്യോഗസ്ഥര്‍ കാണുന്നത്, ഞങ്ങളെ കേള്‍ക്കാന്‍ ആരുമില്ല, ഒരു സിനിമയ്ക്ക് പോയ കാലം മറന്നു, കണ്ണും പോയി കാതും പോയി, നല്ല കാലം ആശയായി തീര്‍ത്തു, ടെന്‍ഷനടിച്ച് മരിക്കാറായി… തുടങ്ങിയ വാക്കുകളാണ് വോക്ക് മലയാളത്തോട് സംസാരിച്ച ആശമാരില്‍ കൂടുതലല്‍ പേരും ഒരേ സ്വരത്തില്‍ പറഞ്ഞത്.

ശാരീരിക-മാനസിക ആരോഗ്യവും സമയവും ജൈവിക ചോതനകളും സന്തോഷങ്ങളും ആഘോഷങ്ങളും എല്ലാം മാറ്റിവെച്ച് ഒരു ആശ വര്‍ക്കര്‍ ജനങ്ങളുടെ ആരോഗ്യം പരിപാലിക്കാനും മെച്ചപ്പെടുത്താനും നെട്ടോട്ടമോടുന്നത് സ്ത്രീയിലെ മനുഷ്യത്വം കൊണ്ടുകൂടിയാണ്. ഈ മനുഷ്യത്വത്തെ ചൂഷണം ചെയ്താണ് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖല നമ്പര്‍ വണ്ണായി നിലനില്‍ക്കുന്നതും.

സ്ത്രീയ്ക്ക് പാട്രിയാര്‍ക്കി പതിച്ചു നല്‍കിയ ‘കെയര്‍ വര്‍ക്കര്‍’ എന്ന ലേബല്‍ ‘ജന സേവനം’ എന്ന് മാറ്റിയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആശ വര്‍ക്കര്‍ എന്ന പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. സ്ത്രീയുടെ ഗാര്‍ഹിക അധ്വാനം അദൃശ്യവും അംഗീകരിക്കപ്പെടാത്തതും വിലകുറഞ്ഞതുമായി കാണുന്ന പാട്രിയാര്‍ക്കി അതേ പ്ലേറ്റ് ‘സേവനം’ എന്ന സാമൂഹ്യപ്രവര്‍ത്തന മൂല്യത്തിലേയ്ക്ക് മറിച്ചിട്ടപ്പോള്‍ അവിടെയും സ്ത്രീ കെയര്‍ വര്‍ക്കര്‍ എന്ന ലേബലില്‍ തുടരാന്‍ നിര്‍ബന്ധിതയായി. ഈ ചൂഷണം സ്ത്രീകള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് തങ്ങള്‍ക്ക് തൊഴിലാളി പദവിയും മാന്യമായ ശമ്പളവും നല്‍കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ആശമാരുടെ ഈ ആവശ്യം തികച്ചും ന്യായവും ജനാധിപത്യപരവും ആണെന്ന് അവരുടെ അനുഭവങ്ങള്‍ തെളിയിച്ചതാണ്. ആശമാരുടെ ആവശ്യത്തിനൊപ്പം അവരുടെ ‘സേവനം’ കൈപ്പറ്റുന്ന പൊതുസമൂഹവും നില്‍ക്കേണ്ടതുണ്ട്. (അവസാനിച്ചു)

FAQs

ആരാണ് ആശാ വര്‍ക്കര്‍?

സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനത്തിലെ ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വര്‍ക്കര്‍ എന്ന പദവിയുടെ സ്ഥാപിത ലക്ഷ്യം

എന്താണ് സാമൂഹ്യ മൂലധനം?

ഒരു പ്രത്യേക സമൂഹത്തിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ആളുകൾ തമ്മിലുള്ള ബന്ധങ്ങളുടെ ശൃംഖല സമൂഹത്തെ ഫലപ്രദമായി പ്രവർത്തിക്കാൻ പ്രാപ്തമാക്കുന്നതിനെയാണ് സാമൂഹ്യ മൂലധനം എന്ന് വിളിക്കുന്നത്.

Quotes

“എവിടെയൊക്കെ അനീതിയുണ്ടോ അവിടെയൊക്കെ നീതിയ്ക്ക് ഭീഷണിയാണ്- മാർട്ടിൻ ലൂഥർ കിംഗ്, ജൂനിയർ

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.