Fri. Nov 8th, 2024

ചെന്നൈ: കര്‍ണാടിക് സംഗീതജ്ഞന്‍ ടിഎം കൃഷ്ണ അധ്യക്ഷനാകുന്ന മ്യൂസിക് അക്കാദമിയുടെ 2024 ലെ കോൺഫറൻസിൽ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യൻ ശാസ്ത്രീയ സംഗീതജ്ഞരായ രഞ്ജനിയും ഗായത്രിയും. ഡിസംബര്‍ 25ന് നടക്കുന്ന കച്ചേരിയില്‍ നിന്ന് പിന്മാറുന്നുവെന്നാണ് ഇരുവരും അറിയിച്ചത്.

ടിഎം കൃഷ്ണ അധ്യക്ഷനാകുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ചാണ് പിന്മാറുന്നതെന്ന് ഇവർ പറഞ്ഞു. കര്‍ണാടിക് സംഗീതത്തിന്റെ മൂല്യങ്ങളെ ടിഎം കൃഷ്ണ അവഹേളിച്ചുവെന്നും സംഗീതലോകത്തിന് ഒരുപാട് നാശനഷ്ടങ്ങളുണ്ടാക്കിയ ആളാണ് ടിഎം കൃഷ്ണയെന്നും ഇരുവരും ആരോപിച്ചു.

“2024 ലെ മ്യൂസിക് അക്കാദമിയുടെ കോൺഫറൻസിൽ പങ്കെടുക്കുന്നതിൽ നിന്നും ഡിസംബർ 25 ന് ഞങ്ങൾ അവതരിപ്പിക്കുന്ന കച്ചേരിയിൽ നിന്നും പിന്മാറുന്ന തീരുമാനം ഞങ്ങൾ അറിയിക്കുന്നു. ടിഎം കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന കോൺഫറൻസ് ആയതിനാലാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്.” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ രഞ്ജനിയും ഗായത്രിയും പറഞ്ഞു.

‘സംഗീതലോകത്തിന്റെ കൂട്ടായ്മയെ ടിഎം കൃഷ്ണ മനപ്പൂര്‍വം ചവിട്ടിമെതിച്ചു. കര്‍ണാടക സംഗീതജ്ഞര്‍ എന്ന് പറയുന്നതുതന്നെ നാണക്കേടാണെന്ന തരത്തില്‍ ടിഎം കൃഷ്ണ പ്രചരിപ്പിക്കാനും സംഗീതത്തിന്റെ ആത്മീയതയെ അവഹേളിക്കാനും ശ്രമിച്ചു.

ബ്രാഹ്‌മണരെ വംശഹത്യ ചെയ്യാനും ബ്രാഹ്‌മണ സമുദായത്തിലെ സ്ത്രീകളെ നിരന്തരം അധിക്ഷേപിക്കുകയും അശ്ലീലതയോടെ സംസാരിക്കുകയും മോശം പദപ്രയോഗങ്ങള്‍ സമൂഹത്തില്‍ സ്വാഭാവികമാക്കാനുമൊക്കെ ശ്രമിച്ച പെരിയാറിനെ മഹത്വവത്കരിച്ച ടിഎം കൃഷ്ണയെ ഇത്തരം ഉയര്‍ന്നസ്ഥാനത്ത് കൊണ്ടുവരുന്നത് അപകടമാണ്’, രഞ്ജിനി-ഗായത്രിമാർ പോസ്റ്റില്‍ പറഞ്ഞു.