Sat. Apr 27th, 2024

ന്യൂ ഡൽഹി: രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി) നേതാവ് പശുപതി കുമാര്‍ പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു. ബിഹാറിലെ ലോക്സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പശുപതി പരസ് രാജിവെച്ചത്.

ബിഹാറില്‍ അനന്തരവന്‍ ചിരാഗ് പസ്വാന്റെ എല്‍ജെപിക്ക് എൻഡിഎ അഞ്ച് സീറ്റുകൾ നൽകി എന്നാൽ പരസ് വിഭാഗത്തിന്‍റെ ആർഎൽജെപിക്ക് സീറ്റ് നൽകിയില്ല. തുടർന്ന് തന്നോടും പാര്‍ട്ടിയോടും അനീതി കാണിച്ചുവെന്ന് ആരോപിച്ചാണ് പശുപതി പരസിന്റെ രാജി.

“ബിഹാറില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞദിവസം എന്‍ഡിഎ പ്രഖ്യാപിച്ചു. എന്റെ പാര്‍ട്ടിക്ക് അഞ്ച് എംപിമാരുണ്ടായിരുന്നു. എന്നോടും എന്റെ പാര്‍ട്ടിയോടും അനീതി കാണിച്ചു. മോദി വലിയ നേതാവാണ്. പക്ഷേ എന്റെ പാര്‍ട്ടിയോട് അനീതി കാണിച്ചു”, വാര്‍ത്താസമ്മേളനത്തില്‍ പശുപതി പരസ് പറഞ്ഞു.

ബിഹാറില്‍ ബിജെപി 17 സീറ്റിലും ജെഡിയു 16 സീറ്റിലും എല്‍ജെപി അഞ്ചുസീറ്റിലും മത്സരിക്കാനാണ് ധാരണ. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും (ആർഎൽഎം) ഓരോ സീറ്റിലും മത്സരിക്കും.

2019 ൽ എൽജെപി മത്സരിച്ച ആറ് സീറ്റിലും വിജയിച്ചിരുന്നു. പാർട്ടി പിളർന്നപ്പോൾ അഞ്ച് എംപിമാരും പശുപതി പരസിന്‍റെ ആർഎൽജെപിക്കൊപ്പം നിൽക്കുകയായിരുന്നു.