Sun. Apr 28th, 2024

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ 21 ശതമാനം സിറ്റിംഗ് എംപിമാരെ പരിഗണിച്ചില്ലെന്ന് ആക്ഷേപം. മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. ലോക്സഭയിൽ 370 സീറ്റ് ലക്ഷ്യം വെക്കുന്നതിനാല്‍ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ​പ്രധാനമാണെന്നാണ് ബിജെപി പറയുന്നത്.

മാർച്ച് രണ്ടിനാണ് 195 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്ത് വിട്ടത്. പ്രഗ്യ സിങ് ഠാക്കൂർ, രമേഷ് ബിധുരി, പർവേശ് വർമ ഉള്‍പ്പെടെ 33 സിറ്റിംഗ് എംപിമാരെ ബിജെപി ഒഴിവാക്കിയിരുന്നു. ഇന്നലെ പുറത്തുവിട്ട രണ്ടാംഘട്ട പട്ടികയിൽ നിന്നും 30 പേരെയാണ് ഒഴിവാക്കിയത്.

ബിജെപി രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച പട്ടികയിലെ 267 സ്ഥാനാർത്ഥികളില്‍ 140 പേര്‍ സിറ്റിങ് എംപിമാരാണ്. ആറുമണ്ഡലങ്ങളിൽ പുതുമുഖങ്ങളെ ബിജെപി ഇറക്കി. നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിൽ യോഗേന്ദ്ര ചന്ദോലിയയും ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ സിറ്റിങ് എംപി ​ഗൗതം ​ഗംഭീറിന് പകരം ഹർഷ് മൽഹോത്രയും മത്സരിക്കും.

കേരളത്തിലെ നാല് മണ്ഡലങ്ങള്‍ അടക്കം 250 ലേറെ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.