Mon. Dec 23rd, 2024

മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പദ്മകർ വാൽവി ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെയും ബിജെപി നേതാവ് അശോക്‌ ചവാന്റെയും സാന്നിധ്യത്തിലാണ് പദ്മകർ വാൽവി ബിജെപിയില്‍ ചേർന്നത്.

ചന്ദ്രശേഖർ ബവൻകുലെയുമായി പദ്മകർ വാൽവി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ നന്ദുർബാറിൽ എത്തിയപ്പോഴാണ് പദ്മകർ വാൽവിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം. ആദിവാസികള്‍ കൂടുതലുള്ള ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനപ്രിയ നേതാവായിരുന്നു പദ്മകർ വാൽവി.

നന്ദുർബാറിൽ നിന്നും പദ്മകർ വാൽവി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്.

മഹാരാഷ്ട്ര കോൺഗ്രസിൽ അടുത്തിടെയായി കുറേപേർ ബിജെപിയിൽ ചേർന്നിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പാണ് ബസവരാജ് പാട്ടീൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെയും മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിൻ്റെയും സാന്നിധ്യത്തിൽ ബിജെപിയില്‍ ചേര്‍ന്നത്.

ഫെബ്രുവരി 13 ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക്‌ ചവാന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ സാന്നിധ്യത്തിൽ മുൻ എംഎൽഎ അരുണോദയ് ചൗബെയും ശിവദയാൽ ബഗ്രിയും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ റിട്ട. മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരിയുടെ മകൻ മനിഷ് ഖണ്ഡൂരിയും നേരത്തേ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുരേഷ് പച്ചൗരിയും ബിജെപിയിൽ ചേര്‍ന്നിരുന്നു.