Fri. May 10th, 2024

നിയാണ്ടർത്തലുകളിലും ഡെനിസോവൻസിലും കാണപ്പെടുന്ന ജീനുകൾ ഇന്ത്യക്കാരുടെ ജനിതകഘടനയിൽ കണ്ടെത്തിയതായി പുതിയ പഠന റിപ്പോർട്ട്. എന്നാൽ ഇവയുടേതെന്ന് തെളിയിക്കപ്പെടുന്ന ഫോസിലുകൾ ഇതുവരെയും ഇന്ത്യയിൽ നിന്നും കണ്ടെത്തിയിട്ടില്ല. 

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ജനസംഖ്യ ജനിതകശാസ്ത്രജ്ഞയായ പ്രിയ മൂർജാനിയും സംഘവും നടത്തിയ പഠനത്തിലാണ് ഇന്ത്യൻ ജനിതകഘടനയെക്കുറിച്ചുള്ള പുതിയ വിവരം കണ്ടെത്തിയതെന്ന് സയൻസ് റിപ്പോർട്ട് ചെയ്തു. 2700ലധികം ആധുനിക ജനിതകഘടനകൾ ക്രമീകരിച്ച് നടത്തിയ പഠനത്തിൽ ഭൂരിഭാഗം ഇന്ത്യക്കാരും മൂന്ന് പൂർവ്വികരുടെ മിശ്രിതമാണെന്ന് കണ്ടെത്തി. വേട്ടയാടുന്നവർ, 4700- 3000 ബിസിഇക്ക് ഇടയിൽ താമസിച്ചിരുന്ന ഇറാനിയൻ വംശജരായ കർഷകർ, മധ്യ യൂറേഷ്യൻ സ്റ്റെപ്പി മേഖലയിൽ നിന്നുള്ള ഇടയന്മാർ തുടങ്ങിയവരുടെ ജീനുകളുടെ മിശ്രിതമാണ് ഇന്ത്യൻ ജനിതകഘടനയിൽ കണ്ടെത്തിയത്.

ആധുനിക വ്യക്തികളുടെ ജനിതക സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഒന്ന് മുതൽ രണ്ട് ശതമാനം വരെ ആളുകൾ നിയാണ്ടർത്തലുകളുടെയും അവരുടെ ഏറ്റവും അടുത്ത കസിൻസായ ഡെനിസോവൻസിൻ്റെയും ജനിതകഘടനയിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള മറ്റ് ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ജനിതകഘടനകളിൽ യൂറോപ്യന്മാർക്കും ഇന്ത്യക്കാർക്കും തുല്യമായ പുരാതന ജീനുകളുടെ വൈവിധ്യങ്ങളുണ്ടെന്ന് പഠനത്തിൽ പറയുന്നു. 

2700 ഇന്ത്യക്കാരിൽ നടത്തിയ പഠനത്തിൽ 90 ശതമാനത്തോളം പേരിൽ നിയാണ്ടർത്തലുകളുടെ ജീനുകളുള്ളതായി കണ്ടെത്തി. ഇതേ പഠനം 27000ത്തിലധികം വരുന്ന ഐസ്ലാൻഡേഴ്സിൽ നടത്തിയപ്പോൾ അവരിലുള്ളതിനേക്കാൾ 50 ശതമാനത്തിലധികം നിയാണ്ടർത്തലുകളുടെ ജീനുകൾ ഇന്ത്യക്കാരിലുള്ളതായി കണ്ടെത്തി. 

ഉപഭൂഗണ്ഡത്തിൽ താമസിച്ചിരുന്ന ജനിതക വൈവിധ്യമുള്ള നമ്മുടെ നമ്മുടെ പൂർവ്വികർ പുരാതന മനുഷ്യരെ കണ്ടുമുട്ടുകും ഇണചേരുകയും ചെയ്തിരുന്നിരിക്കാമെന്ന് മൂർജാനി വ്യക്തമാക്കുന്നു. എന്നാൽ പൂർവ്വികരുടെ ഫോസിലുകളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല.

ഇറാനിയൻ വംശജരായ കർഷകരെക്കുറിച്ച് കൂടുതലറിയുന്നതിനും ആരുടെ ജീനുകളുമായാണ് ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ സാമ്യമുള്ളതെന്ന് കണ്ടെത്തുന്നതിനുമായി  ഇറാനിയൻ പൂർവ്വികരിൽ നിന്നും ശേഖരിച്ച ജീനുകളുമായി ആധുനിത വ്യക്തികളുടെ ജീനുകൾ ഗവേഷകർ താരതമ്യം ചെയ്തിരുന്നു. ഇന്നത്തെ താജിക്കിസ്താൻ്റെ വടക്കുപടിഞ്ഞാറൻ കാർഷിക കേന്ദ്രത്തിൽ നിന്നുള്ള കർഷകരുടെ ജീനുമായാണ് കൂടുതൽ സാമ്യം കണ്ടെത്താനായത്. ഇവർ യൂറേഷ്യയിലുടനീളം വ്യാപാരം നടത്തിയിരുന്നവരായിരുന്നു.

ഈ പഠനം വളരെ പ്രധാനപ്പെട്ടതാണെന്നും ജനസംഖ്യയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ക്ലെംസൺ സർവ്വകലാശാലയിലെ നസംഖ്യ ജനിതകശാസ്ത്രജ്ഞനായ കെൽസി വിറ്റ് പറഞ്ഞു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.