മാധ്യമരംഗത്തെ കുത്തകവത്ക്കരണം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉള്ളതാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി അതിന്റെ മുഴുവന്‍ അതിരുകളും ലംഘിക്കപ്പെടുകയാണ്
മാ ധ്യമങ്ങള്‍ അധികാരത്തെയും അധികാരികളെയും ഭയപ്പെടേണ്ടതില്ലെന്ന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ചാര്‍ജ് ആര്‍ രാജഗോപാല്‍. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലെ സെമിനാറില്‍ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം. ‘മാധ്യമങ്ങള്‍ അധികാര താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നുവോ’ എന്ന വിഷയത്തിലായിരുന്നു അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചത്.
“ജയില്‍ കാണിച്ച് മാധ്യമ പ്രവര്‍ത്തകരെ ഭയപ്പെടുത്തുന്നത് വെറുതെയാണെന്ന് അദ്ദേഹം സെമിനാറിൽ പറഞ്ഞു. സിദ്ദീഖ് കാപ്പൻ ജയിലില്‍ പോയി തിരിച്ച് വന്നിട്ടും പത്രപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഗൗരി ലങ്കേഷിനെ വധിച്ചെങ്കിലും ഗൗരി ലങ്കേഷ് പത്രിക എന്ന പത്രത്തെ നിശബ്ദമാക്കാന്‍ സാധിച്ചിട്ടില്ല. ഒരുപാട് മാധ്യമ സ്ഥാപനങ്ങളുടെ ഉടമകള്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ജയിലില്‍ പോകേണ്ടി വരും, ഇഡി വരും എന്നെല്ലാം പറഞ്ഞ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്തിന് ഭയക്കുന്നു. മാധ്യമങ്ങള്‍ അധികാരത്തെയും അധികാരികളെയും ഭയപ്പെടേണ്ടതില്ല” എന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യ സമരത്തിന്റെ പേരുപറഞ്ഞ് ഏറ്റവും കൂടുതലും ലാഭമുണ്ടാക്കുന്ന മലയാള പത്രങ്ങളാണ് മാതൃഭൂമിയും മനോരമയും. എന്നാല്‍ ഇന്ന് അവര്‍ ചെയ്യുന്നതെന്താണ്? മാതൃഭൂമി, മനോരമ, ഹിന്ദു, ഇന്ത്യന്‍ എക്സ് പ്രസ്സ് ഇവരെല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ഇപ്പോഴും പറയുന്നത് ഞങ്ങള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നുവെന്നും പറഞ്ഞ് വളരെയധികം ലാഭം ഉണ്ടാക്കിയിട്ടുണ്ട്. 75 വര്‍ഷത്തില്‍ ഏകദേശം ലാഭം 25 ശതമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
ബാബറി പൊളിച്ച സ്ഥലത്ത് ക്ഷേത്രം വന്നപ്പോള്‍ രാമ മന്ദിരം അയോധ്യയില്‍, സമര്‍പ്പണം തുടങ്ങിയവയായിരുന്നു മനോരമയുടെയും മാതൃഭൂമിയുടെയും തലക്കെട്ടുകള്‍.
ലാഭം വേണ്ട നഷ്ടം സഹിച്ചാലും തിരിച്ചു വരും എന്ന് പറയാനായി ആര്‍ജവമില്ലാത്ത ഇവരെ മാധ്യമങ്ങള്‍ എന്ന് വിളിക്കാന്‍ പാടില്ല. അങ്ങനെ വിളിക്കുകയാണെങ്കില്‍ അവര്‍ അധികാര താല്പര്യങ്ങള്‍ക്ക് സ്വയം കീഴടങ്ങുകയാണ് എന്നും രാജഗോപാല്‍ വ്യക്തമാക്കി.
എത്ര മുസ്ലിം എഡിറ്റേഴ്‌സിന്റെ പേര് ഓര്‍മയുണ്ട്? ഇന്ത്യയില്‍ എത്ര ദളിത് എഡിറ്റര്‍മാരുണ്ട്? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ഓര്‍ക്കുമ്പോള്‍ എന്ത് കൊണ്ടാണ് അദ്ദേഹത്തിന്റെ പബ്ലിഷറായ വക്കംമൗലവിയെ കുറിച്ച് പറയുന്നില്ല. എത്രപേര്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ എഡിറ്ററോറിയല്‍ വായിച്ചിട്ടുണ്ട്. തുടങ്ങി നിരവധി ചോദ്യങ്ങള്‍ സദസ്സിന് മുന്നിലേക്ക് അദ്ദേഹം ചോദിച്ചു.
“KUWJ (കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജര്‍ണലിസ്റ്റ്) പോലും പലപ്പോഴും പറയേണ്ട കാര്യങ്ങള്‍ പറയുന്നില്ല. ഈ കോഴിക്കോടാണ് കഴിഞ്ഞ രണ്ടാഴ്ച മുമ്പ് മറുവാക്ക് എന്ന മാഗസിനിലെ അംബികക്കെതിരെ കേസെടുത്തത്. എത്ര പേര്‍ അറിഞ്ഞു എന്നറിയില്ല. KUWJ എന്തെങ്കിലും ചെയ്‌തോ എന്നറിയില്ല” എന്നും രാജഗോപാല്‍ പറഞ്ഞു.
കശ്മീരില്‍ ആര്‍മി ഒരു സിവിലയന്‍സിനെ പീഡിപ്പിച്ച് കൊന്നുവെന്ന ആരോപണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് കാരവൻ എന്ന മാഗസിന്‍ പുറത്തിറക്കി. ഒരാഴ്ച കണ്ടില്ലെന്നു നടിച്ചെങ്കിലും പിന്നീട് വെബ്സൈറ്റില്‍ നിന്നും മാറ്റാന്‍ പറഞ്ഞു. ആ ആര്‍ട്ടിക്കിള്‍ ‘വയര്‍’ പുനഃപ്രസിദ്ധീകരിച്ചു. എന്നാല്‍ ഇന്ത്യയില്‍ എത്ര പത്രങ്ങള്‍ ചെയ്തു. തൊണ്ണൂറായിരം പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും ഇന്ത്യയില്‍ ഉണ്ടെന്ന് പറയുമ്പോഴും ‘വയര്‍’ എന്ന ചാനല്‍ മാത്രം ചെയ്തതായാണ് തനിക്ക് അറിയാവുന്നതെന്നും രാജഗോപാല്‍ വെളിപ്പെടുത്തി.
നമ്മുടെ നാട്ടില്‍ പത്രങ്ങളുടെ വില ഒരുമിച്ച് കൂട്ടാന്‍ മാത്രമാണ് കൊളാബറേഷന്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞാനിപ്പോള്‍ ജോലിയില്ലാത്ത എഡിറ്ററാണ്. എഡിറ്റര്‍ സ്ഥാനത്ത് നിന്ന് എന്നെ മാറ്റുമ്പോള്‍, വായനക്കാര്‍ക്ക് എന്നെ ഇഷ്ടമല്ലെന്നാണ് മാനേജ്‌മെന്റ് എന്നോട് പറഞ്ഞത്. 2016 മുതല്‍ 2023 വരെ ഏഴ് കൊല്ലം എഡിറ്റര്‍ ആയിരുന്നുവെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍ അറ്റ് ചാര്‍ജാണ് മലയാളിയായ ആര്‍ രാജഗോപാല്‍. ദി ടെലഗ്രാഫിന്റെ മുന്‍ എഡിറ്റര്‍. കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തെറ്റുകളെ വിമർശിക്കുന്ന ദി ടെലിഗ്രാഫിന്റെ എഡിറ്റോറിയൽ നയത്തിൽ രാജഗോപാൽ നിർണായക പങ്കാണ് വഹിച്ചിരുന്നത്. മറ്റു പത്രങ്ങള്‍ പറയാന്‍ മടിച്ച പല കാര്യങ്ങളും രാജഗോപാൽ നയിച്ച എഡിറ്റോറിയൽ സംഘം തുറന്നെഴുതി. ടെലിഗ്രാഫിന്റെ തലക്കെട്ടുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. പത്രത്തിന്റെ ഒരു വിഭാഗം വായനക്കാരിൽ നിന്ന് നേരിടേണ്ടി വന്ന എതിർപ്പിനെ തുടര്‍ന്ന് എഡിറ്റര്‍ സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു.