സർക്കാർ സർവീസിൽ നിന്നും പതിനായിരത്തോളം ജീവനക്കാർ ഇന്ന് വിരമിക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വിരമിക്കൽ അനൂകൂല്യം നൽകാൻ സർക്കാർ 2,000 കോടി രൂപ കടമെടുക്കും. 25 ലക്ഷം രൂപയ്ക്ക് മേലുള്ള ബില്ലുകൾ മാറാൻ ധന വകുപ്പിൻ്റെ പ്രത്യേക അനുമതിയും ആവശ്യമാണ്. ജൂണിൽ സ്കൂൾ പ്രവേശനം ഉറപ്പിക്കാനായി മെയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുമ്പുണ്ടായിരുന്നതിനാലാണ് ഈ മാസം കൂട്ടവിരമിക്കൽ നടക്കുന്നത്. വിരമിക്കൽ വഴി ഉണ്ടാകുന്ന ഒഴിവുകൾ നികത്താൻ സർക്കാർ കൃത്യമായി ഇടപെടുന്നില്ലെന്ന് ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസം കാരണം റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയാകും മുമ്പ് ഉദ്യോഗാർത്ഥികൾ തഴയപ്പെടുന്നുവെന്ന പരാതിയും ശക്തമാണ്.