Wed. Jan 22nd, 2025

ഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യാത്തതിലും ഞായറാഴ്ചയിലെ പോലീസ് നടപടിക്കെതിരെയുമാണ് താരങ്ങള്‍ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകാനൊരുങ്ങുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തിന് വേണ്ടി നേടിയ മെഡലുകളെല്ലാം ഗംഗയില്‍ ഒഴുക്കി താരങ്ങള്‍ പ്രതിഷേധിക്കുമെന്ന് താരങ്ങള്‍ പറഞ്ഞു. വൈകിട്ട് ആറ് മണിക്ക് ഹരിദ്വാറില്‍ ഒത്തുചേര്‍ന്നാകും മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുക. ഉദ്ഘാടന ദിവസം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗുസ്തിതാരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടയുകയും താരങ്ങളെ അറസറ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ജന്തര്‍മന്തറില്‍ നിന്ന് സമരക്കാരെ നീങ്ങാന്‍ അനുവദിക്കാതെയായിരുന്നു പോലീസിന്റെ നടപടി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്രംഗ് പുനിയ തുടങ്ങിയ താരങ്ങളെയെല്ലാം വലിച്ചിഴച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്താല്‍ മാത്രം പോരെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമാണ് താരങ്ങളുടെ ആവശ്യം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം