തിരുവനന്തപുരം: ആശുപത്രികളിലെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെയും പ്രധാന സ്റ്റോറിലുള്ള ബ്ലീച്ചിങ് പൗഡര്‍ പ്രത്യേകമായി സൂക്ഷിക്കണമെന്ന് ആരോഗ്യവകുപ്പ്. ബ്ലീച്ചിംഗ് പൗഡര്‍ ഈര്‍പ്പം തട്ടാതെ പ്രത്യേകം മുറിയില്‍ സൂക്ഷിക്കണമെന്നാണ് ഡിഎംഒ മാര്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മരുന്നുകള്‍, കെമിക്കലുകള്‍ തുടങ്ങിയവ സൂക്ഷിക്കുന്നതിലും ജാഗ്രത വേണമെന്നും ഡയറക്ടര്‍ അറിയിച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഗോഡൗണുകളില്‍ ബ്ലീച്ചിങ് പൗഡറിന് തീ പിടിച്ച സാഹചര്യത്തിലാണ് പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങളില്‍ വേണ്ടത്ര സൗകര്യമില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹായം തേടണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശിച്ചു.