Mon. Dec 23rd, 2024

ഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമായി വി ഡി സവര്‍ക്കറെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍വകലാശാല. ബിഎ പൊളിറ്റിക്കല്‍ സയന്‍സ്(ഹോണേഴ്സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച് പുതിയ പാഠഭാഗം ചേര്‍ക്കാന്‍ സര്‍വകലാശാല അക്കാഡമിക് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ചാം സെമസ്റ്ററിലാണ് ഉള്‍പ്പെടുത്തുന്നത്. പകരം, ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗം ഏഴാം സെമസ്റ്ററിലേക്കും മാറ്റിയിട്ടുണ്ട്. ഇതോടെ നാല് വര്‍ഷത്തിനു പകരം മൂന്നു വര്‍ഷത്തെ ബിരുദ കോഴ്സില്‍ ചേര്‍ന്നവര്‍ക്ക് ഗാന്ധിയെക്കുറിച്ച് പഠിക്കാനുണ്ടാകില്ല. ‘സാരെ ജഹാന്‍ സെ അച്ഛാ’ എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്ന് നീക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമിക് കൗണ്‍സിലിലാണ് സവര്‍ക്കറിനെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രമേയം പാസാക്കിയത്. തീരുമാനത്തെ ഒരു വിഭാഗം അധ്യാപകര്‍ എതിര്‍ത്തു. പാഠ്യപദ്ധതി കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം