Mon. Dec 23rd, 2024

കമ്പം: തമിഴ്‌നാട് കമ്പത്തെ ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നത് സംബന്ധിച്ച് ഉത്തരവിറങ്ങി. ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുളള ശ്രമം പരാജയപ്പെട്ടാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനം വകുപ്പ് വ്യക്തമാക്കി. ആനയെ വനത്തിലേക്ക് തുരത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. ഇപ്പോള്‍ കാട്ടിലേക്ക് അയക്കാനുള്ള തീവ്രശ്രമങ്ങള്‍ നടക്കുകയാണ്. ആകാശത്തേക്ക് വെടിവെച്ചും പടക്കം പൊട്ടിച്ചും കാടുകയറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കുങ്കിയാനകളെ ഉള്‍പ്പടെ എത്തിച്ച് മയക്കുവെടി വയ്ക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു മാത്രമേ മയക്കുവെടി വെയ്ക്കൂവെന്നും തമിഴ്നാട് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വ്യക്തമാക്കി. കമ്പത്തെ ജനവാസമേഖലയിലിറങ്ങി പരാക്രമം നടത്തിയ അരിക്കൊമ്പന്‍ റോഡിന് സമീപമുണ്ടായിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. അരികൊമ്പന്റെ പരാക്രമത്തെ തുടര്‍ന്ന് കമ്പം ടൗണില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനം പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം