Sat. Jul 27th, 2024

അഹ്മദാബാദ്: രാജ്യത്തിന് വീണ്ടും നാണക്കേടായി ഗുജറാത്തിലെ പത്താംക്ലാസ് ഫലം. ഈ വര്‍ഷത്തെ 10ാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ 157 സ്‌കൂളുകളില്‍ ഒരുവിദ്യാര്‍ഥി പോലും ജയിച്ചില്ല. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാണ് വിദ്യാഭ്യാസ സംവിധാനത്തിന് തന്നെ നാണക്കേടായ സംഭവം ഉണ്ടായിരിക്കുന്നത്. 1084 സ്‌കൂളുകളില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് വിജയശതമാനം. 36 സ്‌കൂളുകള്‍ സംപൂജ്യരുടെ പട്ടികയില്‍ ഇടംപിടിച്ചു. ഇന്നെലയാണ് പത്താംക്ലാസ് ഫലം പുറത്ത് വന്നത്. ആകെ 7.34 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 4.74 ലക്ഷം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്. 64.62 ആണ് വിജയശതമാനം. 2022-ല്‍ 65.18 ആയിരുന്ന വിജയശതമാനം ഇത്തവണ കുറഞ്ഞു. ജില്ലാതലത്തില്‍ 76 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ച സൂറത്ത് ഒന്നാമതെത്തി. ആദിവാസി ഗോത്ര വിഭാഗങ്ങള്‍ ഭൂരിപക്ഷമായ ദാഹോദ് ജില്ലയാണ് ഏറ്റവും പിന്നില്‍. 40.75 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് ഇവിടെ വിജയിച്ചത്. സംസ്ഥാനത്ത് 272 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം