Wed. Jan 22nd, 2025

ഡല്‍ഹി: പോക്സോ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ബിജെപി എംപിയും ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങ്. നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. പോസ്‌കോ നിയമ പ്രകാരം കേസെടുത്തിട്ടുള്ള ആളാണ് താനെന്ന് പറഞ്ഞുകൊണ്ടാണ് ബ്രിജ് ഭൂഷണ്‍ ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ നടന്ന ഒരു യോഗത്തിനിടെ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഋഷിമാര്‍ക്കുമെതിരെ പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ബ്രിജ് ഭൂഷണ്‍ സിംഗ് അവകാശപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക് പോലും അതിന്റെ ദുരുപയോഗത്തില്‍ നിന്ന് രക്ഷയില്ല. പോക്‌സോ നിയമത്തില്‍ മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുമെന്നും സിംഗ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പടെയുള്ള ഗുസ്തി താരങ്ങളാണ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ഇയാള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. രാജ്യത്തെ നിരവധി വനിതാ ഗുസ്തി താരങ്ങള്‍ ഇയാള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. വിനേഷ് ഫോഗട്ട്, ഒളിമ്പിക് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടെ രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 23 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം ചെയ്യുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം