തിരുവനന്തപുരം: വീട്ടിലെ മാലിന്യം ജീവനക്കാര്‍ സെക്രട്ടറിയേറ്റിലെ മാലിന്യകുട്ടയില്‍ തള്ളുന്നതിനെതിരെ മുന്നറിയിപ്പുമായി സര്‍ക്കാര്‍. വീട്ടിലെ മാലിന്യം ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സെക്രട്ടറിയേറ്റില്‍ കൊണ്ടുവന്നു തള്ളുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഇത്തരം പ്രവൃത്തികള്‍ നാണക്കേടാണെന്നും സിസിടിവിയില്‍ പതിഞ്ഞാല്‍ പിടി വീഴുമെന്ന കര്‍ശന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ശുചീകരണ ക്യാംപയിന്റെ ഭാഗമായി ഓഫിസും പരിസരവും വൃത്തിയാക്കണമെന്ന തദ്ദേശ വകുപ്പ് മന്ത്രിയുടെ സര്‍ക്കുലര്‍ ഉള്ളപ്പോഴാണ് സെക്രട്ടറിയേറ്റില്‍ തന്നെ മാലിന്യം ജീവനക്കാര്‍ മാലിന്യം നിക്ഷേപിക്കുന്ന വിവരം പുറത്ത് വരുന്നത്. രാവിലെ സെക്രട്ടറിയേറ്റിലേക്ക് വരുമ്പോള്‍ വീട്ടിലെ മാലിന്യം കയ്യില്‍ കരുതുന്ന ഉദ്യോഗസ്ഥര്‍ ആരുമില്ലാത്ത നേരത്ത് വെയ്സ്റ്റ് ബിന്നില്‍ തള്ളുന്നതായാണ് കണ്ടെത്തല്‍. മുഖ്യമന്ത്രിയുടേയും തദ്ദേശവകുപ്പ് മന്ത്രിയുടെയും ഓഫിസിരിക്കുന്ന ക്യാംപസിലാണ് ഇത് നടക്കുന്നത്. ദിനംപ്രതി ഈ പ്രവണത കൂടി വന്നതോടെയാണ് ഹൗസ് കീപ്പിങ്ങ് വിഭാഗം സര്‍ക്കുലര്‍ ഇറക്കിയത്. വെയ്സ്റ്റ് ബിന്നുകളുടെ സമീപത്ത് സിസിടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വീട്ടിലെ മാലിന്യം ഇവിടെ തള്ളിയാല്‍ അച്ചടക്ക ലംഘനമായി കാണുമെന്നും സര്‍ക്കുലറില്‍ പറയുന്നു.