Mon. Dec 23rd, 2024

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. പരമാവധി 50 കിലോമീറ്ററില്‍ വേഗം നിജപ്പെടുത്തിയ സ്പീഡ് ഗവേണറുകള്‍ സ്‌കൂള്‍ വാഹനങ്ങളില്‍ നിര്‍ബന്ധമാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. സ്‌കൂള്‍ മേഖലയില്‍ പരമാവധി മണിക്കൂറില്‍ 30 കിലോമീറ്ററും മറ്റ് റോഡുകളില്‍ പരമാവധി 50 കിലോമീറ്ററുമായി വേഗം നിജപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനം ഓടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവരാകരുതെന്നും നിര്‍ദേശമുണ്ട്.

സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഫിറ്റ്‌നസ് പരിശോധനക്ക് ഹാജരാക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോര്‍ അറ്റന്‍ഡര്‍മാര്‍ (ആയമാര്‍) എല്ലാ സ്‌കൂള്‍ ബസിലും വേണം. സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണെങ്കില്‍ ഒരു സീറ്റില്‍ രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ അനുവദിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചു. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും എല്ലാ കുട്ടികളുടെയും യാത്രാ മാര്‍ഗങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം. ഇവ മോട്ടോര്‍ വാഹന വകുപ്പ്-പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം