ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡബ്ല്യുഎഫ്‌ഐ) മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ മെയ് 28 ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ മഹാപഞ്ചായത്ത് നടത്തുമെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. അന്നേ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കെട്ടിടത്തിന് മുന്നിലാണ് പ്രതിഷേധം. ഗുസ്തി താരം വിനേഷ് ഫോഗട്ട് ചൊവ്വാഴ്ച ഇന്ത്യാ ഗേറ്റിലേക്കുള്ള മാർച്ച് സമാപിച്ച ശേഷം ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് ഏപ്രിൽ 23 മുതൽ ഡൽഹിയിലെ ജന്തർ മന്തറിൽ വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ഗുസ്തിക്കാർ പ്രതിഷേധം നടത്തുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലുൾപ്പെടെ രണ്ട് എഫ്‌ഐആറുകളാണ് ബ്രിജ് ഭൂഷൺ സിംഗിനെതിരെയുള്ളത്. ഈ സാഹചര്യം നിലനിൽക്കെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും കായിക മന്ത്രാലയം റദ്ദാക്കുകയും ചെയ്തിരുന്നു.