Wed. Jan 22nd, 2025

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ നിയന്ത്രണം ഇന്നും തുടരും. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് ട്രെയിനുകള്‍ പൂര്‍ണ്ണമായും രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ലോകമാന്യതിലക് കൊച്ചുവേളി എക്സ്പ്രസ് , നിലമ്പൂര്‍ കൊച്ചുവേളി രാജ്യ റാണി, മധുര തിരുവനന്തപുരം അമൃത എക്സ്പ്രസ്, നിലമ്പൂരില്‍ നിന്നും ഷോര്‍ണൂരിലേക്കും തിരിച്ചുമുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍. ആലപ്പുഴ വഴിയുള്ള ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് കോട്ടയം വഴിമാറ്റി വിടും. നിലമ്പൂര്‍ റോഡ് – കോട്ടയം എക്സ്പ്രസ് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. അതേസമയം, കണ്ണൂര്‍- എറണാകുളം എക്സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. ട്രെയിനുകള്‍ പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് 5.30 നു പുറപ്പെടുന്ന എക്സ്പ്രസ് ട്രെയിന്‍ 7.45ന് മാത്രമേ പുറപ്പെടൂ. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 2.25ന് പുറപ്പെടേണ്ട എക്സ്പ്രസ് ട്രെയിന്‍ 6.40ന് ആയിരിക്കും. നാളത്തെ കണ്ണൂര്‍- ഷൊര്‍ണൂര്‍ റൂട്ടിലെ മെമു ട്രെയിന്‍ കോഴിക്കോട് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസ് നാളെയും 30നും കൊയിലാണ്ടിയില്‍ സര്‍വ്വീസ് അവസാനിപ്പിക്കും.മൂന്ന് ദിവസമായുള്ള നിയന്ത്രണം ഇന്ന് അവസാനിക്കുമെന്നാണ് വിവരം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം