സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഏഴ് ദിവസത്തെ വെടിനിർത്തലിന് ഇരുവിഭാഗവും തമ്മിൽ ധാരണയായി. ഇന്നലെയാണ് വെടിനിർത്തൽ കരാർ ഒപ്പിട്ടത്. സൗദി അറേബ്യയുടെയും യുഎസിന്‍റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് കരാർ ഒപ്പിട്ടത്. കരാർ ഒപ്പിട്ട് 48 മണിക്കൂറിന് ശേഷം ഉടമ്പടി പ്രാബല്യത്തിൽ വരുമെന്നും യുഎസും സൗദി അറേബ്യയും ഇത് നടപ്പാക്കുമെന്നും ചർച്ചയുടെ സ്പോൺസർമാരായ അമേരിക്കയും സൗദി അറേബ്യയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സംഘർഷ ബാധിത പ്രദേശങ്ങളിൽ മാനുഷിക സഹായം പുനസ്ഥാപിക്കുക, അത്യാവശ്യ സർവീസുകൾ പുനരാംഭിക്കുക, ആശുപത്രികളിൽ നിന്ന് സൈന്യത്തെ പിൻ വലിക്കുക എന്നീ നിർദേശങ്ങളും വെടിനിർത്തലിന്‍റെ ഭാഗമായി മുന്നോട്ടുവെച്ചിട്ടുണ്ട്.