ബാക്മൂത് നഗരം പിടിച്ചടക്കിയെന്ന് അവകാശവുമായി റഷ്യ. യുക്രൈനിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാക്മൂത് പിടിച്ചടക്കാൻ 15 മാസത്തോളമായി ഇരു രാജ്യങ്ങളും തമ്മിൽ കനത്ത പോരാട്ടം നടത്തുകയാണ്. കഴിഞ്ഞ ദിവസം 12 മണിയോടെ ബാക്മൂത് പൂർണമായും കീഴടക്കിയെന്ന് റഷ്യൻ പാരമിലിറ്ററി സംഘം വാങ്ർ ഗ്രൂപ്പിന്റെ തലവൻ യെഗ്നേ പ്രിഗോഷിൻ പറഞ്ഞു. നഗരത്തിൽ റഷ്യൻ പതാകകൾ ഉയർത്തുന്ന സൈനികരുടെ വിഡിയോയയും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. തുടർന്ന് ബാക്മൂത് കീഴടക്കിയ റഷ്യൻ സൈനികരെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ രംഗത്ത് വന്നു. എന്നാൽ റഷ്യൻ അവകാശവാദത്തിനെതിരെ യുക്രൈൻ ശക്തമായി തിരിച്ചടിച്ചു. നഗരം പിടിച്ചടക്കിയെന്ന അവകാശവാദം തെറ്റാണെന്നും നഗരത്തിൽ ഇപ്പോഴും യുക്രൈൻ പ്രതിരോധം തുടരുകയാണെന്നും സൈനിക വക്താവ് സെർഷി അറിയിച്ചു.