Tue. Sep 10th, 2024

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തിരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തെ ഞെട്ടിച്ച നാണംകെട്ട സംഭവമാണിതെന്നും വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ക്രിമിനല്‍ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. ആള്‍മാറാട്ട സംഭവത്തില്‍ ഒരു വിട്ടുവീഴ്ചക്കും പ്രതിപക്ഷം തയാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്എഫ്‌ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. കോളജ് അധികൃതര്‍ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയ ലിസ്റ്റിലാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ച അനഘക്ക് പകരം എ വിശാഖിന്റ പേര് നല്‍കിയത്. എസ്എഫ്‌ഐ പാനലിലെ അനഘയാണ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ യുയുസിയായി ജയിച്ചത്. എന്നാല്‍ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി എ.വിശാഖിന്റെ പേരാണ് കോളജ് യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയത്. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിയാണ് എ വിശാഖ്. യുയുസിയായി അനഘക്ക് തുടരാന്‍ താത്പര്യമില്ലാത്തതിനാലാണ് വിശാഖിന്റെ പേര് നല്‍കിയതെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അനഘ രാജി സമര്‍പ്പിച്ചിട്ടില്ല എന്നതാണ് വസ്തുത.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം