Sat. Sep 14th, 2024

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരി​ഗണിക്കുക. റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് പകർപ്പ് നല്‍കണമെന്നും രഞ്ജിനി ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ട് പുറത്തുവിടരുത് എന്നല്ല തൻ്റെ നിലപാടെന്നും കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയതാണെന്നും ഇക്കാര്യങ്ങള്‍ പുറത്തുവന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് പകർപ്പ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെന്നും രഞ്ജിനി വ്യക്തമാക്കി. ഡബ്ല്യുസിസിയോ വനിത കമ്മിഷനോ പകർപ്പ് ചോദിക്കാത്ത സാഹചര്യത്തിലാണ് താൻ ആവശ്യം ഉന്നയിച്ചതെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

രഞ്ജിനിയെ പോലെ പകർപ്പ് ആവശ്യപ്പെട്ട് മൊഴി നല്‍കിയവർ രംഗത്തെത്തിയേക്കുമെന്നാണ് സൂചന. അഞ്ചുവർഷമായി പുറത്തുവിടാതിരിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ കുഴപ്പമില്ലെന്ന് ഹൈക്കോടതി ഓഗസ്റ്റ് 13ന് ഉത്തരവിട്ടിരുന്നു. ഒരാഴ്ചത്തെ കാലാവധിയും കോടതി നിശ്ചയിച്ചിരുന്നു. ഇതിനിടെയായിരുന്നു രഞ്ജിനിയുടെ നീക്കം.