Sun. Dec 22nd, 2024

തിരുവനന്തപുരം: ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തിന് കാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആഴത്തിലുള്ള നാല് മുറിവുകള്‍ ഉള്‍പ്പെടെ 17 മുറിവുകള്‍ വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുതുകിലാണ് കൂടുതല്‍ കുത്തേറ്റത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. അതിക്രൂരമായ ആക്രമണമാണ് വന്ദനയ്ക്ക് നേരെയുണ്ടായതെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം വിശദാംശങ്ങള്‍. ഡോക്ടറുടെ തലയില്‍ മാത്രം പ്രതി മൂന്ന് തവണയാണ് കുത്തിയത്. ആറ് തവണ മുതുകിലും കുത്തേറ്റു. ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവിനൊപ്പം മുതുകിലും തലയിലുമേറ്റ കുത്തുകളും വന്ദനയുടെ മരണത്തിലേക്ക് നയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമം ഉണ്ടായപ്പോള്‍ പോലീസ് പുറത്തേക്കോടി. വാതില്‍ പുറത്തുനിന്ന് അടച്ചതോടെ സന്ദീപ് അത്യാഹിത വിഭാഗത്തിനുള്ളില്‍ അക്രമം തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പോലീസ് പരിശോധനയ്ക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് ഡോക്ടറെ കുത്തിയത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം